കുടിപ്പക

May 12, 2010

ഒന്നൊന്നര പതിറ്റാണ്ടുമുന്‍പ്‌ കൊടകര പഞ്ചായത്തതിര്‍ത്തിക്കുള്ളില്‍ ദിവസേന അഞ്ചുപത്ത്‌ നോണ്‍ ബോയില്‍ഡ്‌ മുട്ടകള്‍ കഴിച്ച്‌, സമൃദ്ധമായി തിന്നും കുടിച്ചും അര്‍മ്മാദിച്ച് ജീവിച്ചിരുന്ന ഒരേയൊരു ഹോളി കക്ഷിയേ എന്റെ അറിവില്‍ ഉണ്ടായിരുന്നുള്ളൂ… അതായിരുന്നു, മാണിക്യം!

മുഖത്ത് രൌദ്രം സ്ഥായീഭാവമായിരുന്ന മാണിക്യം ചിരിച്ചിന്നുവരെ ആരും കണ്ടിട്ടില്ല. എന്തിന്റെ പേരിലായാലും ആരോടും പ്രത്യേകിച്ചൊരടുപ്പവും മാണിക്യം കാട്ടാറുമില്ല. നടപ്പും ഇരുപ്പും പ്രകൃതവും വച്ച് നോക്കിയാല്‍ ഏറെക്കുറെ മൈക്ക് ടൈസന്റെ മുറിച്ച മുറി.

മുഖമഴകിലും മേനിയഴകിലും വല്യ കാര്യമൊന്നുമില്ല, യോഗത്തിലാണ് കാര്യമെന്നും, അവനവന്റെ ജോലി കൃത്യനിഷ്ടയോടും ആത്മാര്‍ത്ഥതയോടും കൂടി ചെയ്താല്‍ അംഗീകാരവും ബഹുമാനവും നമ്മളെ തേടി താനേയെത്തിക്കോളും എന്ന് തെളിയിച്ച്‌ ജീവിച്ചിരുന്ന മാണിക്യത്തിന്‌ അതുകൊണ്ട്‌ തന്നെ മുഖത്തെ കരിവാളിപ്പ്‌ മാറ്റാന്‍ ഫെയര്‍ ഏന്‍ ലൌലി അന്വേഷിച്ച്‌ പോകേണ്ടതായി വന്നില്ല!

എങ്കിലും, ഇനിയൊരു ജന്മമുണ്ടെങ്കില്‍ ആരായി ജനിക്കണം? എന്ന ചോദ്യത്തിന്‌ അക്കാലത്ത്‌ കൊടകരയില്‍ ആണായിപ്പിറന്നവരെല്ലാം രണ്ടാമതൊന്നാലോചിക്കാതെ അടക്കം പറഞ്ഞിരുന്ന പേര്‍ പ്രതാപചന്ദ്രനെന്നോ ടി.ജി. രവിയെന്നോ ഇനി സാക്ഷാല്‍ ആനിയെ കെട്ടിയ ഷാജി കൈലാസെന്നോ അല്ലായിരുന്നു.

‘നാട്ടിലെ ഒരുമാതിരി എരുമകളുടെയെല്ലാം പിള്ളാരുടെ അച്ഛന്‍, നമ്മുടെ സില്‍ക്കും മുണ്ടാപ്പന്റെ കറാച്ചിയുമടക്കം വാവ്‌ അടുത്താല്‍ ‘ഹ്രും.. ഹ്രും.. ഹ്രുമ്മേ….. ‘ എന്ന്‌ ശൂന്യാകാശത്തേക്ക്‌ ഇന്ത്യ വിട്ട ഇന്‍സാറ്റ്‌ ഒന്നിനെ നോക്കി നീട്ടിവിളിച്ചിരുന്ന അവരുടെ പ്രാണനാഥന്‍, മുണ്ടക്ക കൊച്ചുരാമേട്ടന്റെ വീട്ടിലെ കൂറ്റന്‍ പോത്ത്‌… മാണിക്യം’.

വാവടുത്താല്‍ പിന്നെ മാണിക്യത്തിന്‌ ഓവര്‍ ടൈം ഡ്യൂട്ടി വരെ ചെയ്യണം! ബിസിയോട് ബിസി. അക്കാലയളവില്‍ പുലര്‍ച്ചെ ഏഴരവെളുപ്പിന് തന്നെ മാണിക്യമെണീക്കും. പ്രാധമിക കര്‍മ്മങ്ങള്‍ക്ക്‌ ശേഷം, പിന്നെ ഒരു മണിക്കൂര്‍ നേരം യോഗ. ഉള്ള സൌകര്യത്തില്‍ പത്ത്‌ പുഷ്‌ അപ്പ്‌. മൂന്ന് പച്ചമുട്ട കൊടുത്ത് അടക്കാമരച്ചുവട്ടില്‍ മാറ്റിക്കെട്ടിക്കഴിഞ്ഞാല്‍ ഹൃദയമിടിപ്പ്‌ കൂടും വരെ നാല്‍ റൌണ്ട്‌ നടത്തം കൂടിയാകുമ്പോഴേക്കും ബ്രേയ്ക്ക്‌ ഫാസ്റ്റിനുള്ള സമയമായി.

കെ.എസും, കറുത്ത പരുത്തിക്കുരു അരച്ചതും കപ്പലണ്ടിപ്പിണ്ണാക്കും രണ്ട് കപ്പ് തവിടും കൂട്ടിയിളക്കിയ നല്ല കൊഴുകൊഴുത്ത പൊടിയരികഞ്ഞി മുക്കാല്‍ വട്ടക!

തൊഴുത്തില്‍ നിന്നിറക്കുമ്പോള്‍ ക്ലൈന്റ്‌സ്‌ പത്തില്‍ കുറവു കണ്ടാല്‍ അന്ന് മാണിക്യന്റെ മുഖം തെളിയില്ല എന്ന്‌ കൊച്ചുരാമേട്ടന്‍ പറയും. ജോലിയോടുള്ള ആത്മാര്‍ത്ഥത!!!

എല്ലാവരേയും പോലെ എനിക്കും മാണിക്യനോട്‌ സ്നേഹവും ഭക്തിയും ബഹുമാനവുമല്ലാതെ യാതൊന്നുമുണ്ടായിരുന്നില്ല.

പക്ഷെ, എന്നിട്ടും എന്നെ കാണുമ്പോഴെല്ലാം മാണിക്ക്യം വല്ലാതെ വയലന്റാവുകയും കയര്‍ പൊട്ടിച്ച് മുന്നോട്ടാഞ്ഞ്‌ എന്നെ കുത്താനും ട്രൈ ചെയ്തു. ‘നിന്നെ ഞാന്‍ കുത്തിമലത്തുമെടാ ദുഷ്ടാ..’ എന്ന ഭാവം, വട്ടം പിടിച്ച്‌ എന്നെ നോക്കുന്ന മാണിക്യന്റെ കണ്ണുകളില്‍ നിന്നും ഞാന്‍ പലപ്പോഴും വായിച്ചെടുത്തിരുന്നു.

സംഗതി നമ്മള്‍ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല എങ്കിലും ഒരെണ്ണം കിട്ടിയാല്‍ കിട്ടിയ പോലെ ഇരിക്കുമെന്ന തിരിച്ചറിവില്‍വല്ലാണ്ട് കമ്പനിയാവാന്‍ നില്‍ക്കാതെ പരമാവധി മാണിക്യത്തെ ഞാന്‍ ഒഴിവാക്കി.

അങ്ങിനെയിരിക്കേയാണ് അച്ഛന്റെ അമ്പതാം പിറന്നാള്‍ വരുന്നത്.

അത്യാവശ്യം ബന്ധുക്കളെ വിളിച്ച് ഒരു പിറന്നാള്‍ സദ്യ കൊടുക്കണം എന്ന ആഗ്രഹത്തെ തുടര്‍ന്ന് എന്റെ തലേദിവസം തൊട്ടേബന്ധുക്കളെല്ലാവരും വീട്ടിലെത്തി. കൂട്ടത്തില്‍ പുഷ്പാകരേട്ടനും.

പുഷ്പാകരേട്ടന്‍ പ്രായത്തില്‍ എന്നേക്കാളും നല്ല മൂപ്പുണ്ട്. പക്ഷെ, കാഴ്ചക്ക് സൈസില്‍ വലിയ വ്യത്യാസമില്ല. പുഷ്പാകരേട്ടന്റെ കുട്ടിക്കാലത്ത് എന്റെ വീട്ടിലേക്കാളും നിന്ന് പഠിച്ചയാളും, അച്ഛന്റെ അരുമ മരുമകനും പെറ്റും എന്റെ അറിവില്‍ അച്ഛന്റെ കയ്യീന്ന് കാശുകിട്ടാറുള്ള വെരി വെരി റെയര്‍ ചിലരില്‍ ഒരാളുമായിരുന്നു.

ആ സ്‌നേഹത്തിന്റെ പുറത്ത് വീട്ടിലെന്താവശ്യമുണ്ടായാലും ആള്‍ വന്ന് ചുക്കാന്‍ പിടിച്ചുകൊള്ളും!

അങ്ങിനെ പിറന്നാളിന്റന്ന്, വാഴയില മുറിക്കാന്‍ രവിച്ചേട്ടന്റെ പറമ്പില്‍ ഷര്‍ട്ടില്‍ കറയാകുമെന്ന് പറഞ്ഞ് എന്റെ പഴയ ഒരു ഷര്‍ട്ടിട്ട് പോയ ശ്രീ പുഷ്പാകരേട്ടന്‍ തിരിച്ച് ഇലയും കൊണ്ടു വന്നത്, തണ്ടലും താങ്ങിപ്പിടിച്ചാണ്.

കാരണമന്വേഷിച്ചപ്പോള്‍, വീതിയുള്ള കാക്കതൂറാത്ത വാഴയില നോക്കി, മുകളിലേക്ക്‌ നോക്കി നടന്ന നിഷ്കളങ്കനും നിരപരാധിയുമായ പുഷ്പാകരേട്ടന്റെ മൂഡ്‌ എന്ന് മലയാളത്തില്‍ പറയുന്ന ഭാഗം കണ്ടപ്പോള്‍ കൊച്ചുരാമേട്ടന്റെ മാണിക്യത്തിന് അതിഭയങ്കരമായി റ്റെം‌റ്റേഷന്‍ ഉണ്ടാവുകയും ഓടിവന്ന് ഒരമ്പത് പൌണ്ട് വെയ്റ്റ് വരുന്ന ഒരു ഇടി സമ്മാനിക്കുകയുമായിരുന്നു ത്രേ!

പുഷ്പാകരേട്ടന്‍, വാഴയില നോക്കി നടന്നിരുന്നതിന്റെ ഒരു ത്രിബിള്‍ സ്പീഡില്‍ ‘ആ…വ്‌..’ എന്നൊരു ശബ്ദമുണ്ടാക്കി മുന്നോട്ട്‌ നീങ്ങി പോയി കണ്ട്രോള്‍ തിരിച്ച്‌ പിടിച്ച്‌

“എന്തിറ്റ് പണ്ടാരമാ വന്ന് പിറകിലിടിച്ചേ???

’ എന്നറിയാന്‍ തിരിഞ്ഞ്‌ നോക്കിയപ്പോള്‍ മാത്രമാണ്‌, അടക്കാമരത്തില്‍ കെട്ടിയിട്ടിരുന്ന പോത്തിനെ കണ്ടത് ത്രേ!

സംഭവം കേട്ടവര്‍ കേട്ടവര്‍ ചിരിച്ചു. ഞാനൊഴികെ.

എനിക്ക് ചിരിവന്നില്ല. കാരണം, കുട്ടിക്കാലം മുതല്‍ കണ്ടുപരിചയമുള്ള പുഷ്പാകരേട്ടനെ പൂശാന്‍ പോത്തിന് റ്റെന്റന്‍സിക്ക് പിറകില്‍ എന്റെ ഷര്‍ട്ടിനുള്ള പങ്കിനെക്കുറിച്ച് ഞാന്‍ കൂലങ്കുഷമായി റ്റെന്‍ഷനടിച്ച് ചിന്തിച്ചു.

മമ്മുട്ടി വടക്കന്‍ വീരഗാഥയില്‍ പറയുമ്മോണം, പുഷാപകരന്റെ മൂഡ് നോക്കി ഞാന്‍ സൈലന്റായി പറഞ്ഞു…

‘എനിക്ക് കിട്ടാതെ പോയ പൂശല്ലേ ദാ കിടക്കുന്നത്!’

അങ്ങിനെ എന്റെ മനനങ്ങളും നിഗമനങ്ങളും അന്വേഷണങ്ങളും പൂര്‍ത്തീകരിക്കപ്പെടാതെ പോയ ഒരു പരിശുദ്ധപ്രേമത്തിന്റെയും അതില്‍ വില്ലനായി നിന്ന എന്റെ പങ്കിന്റെയും ചുരുളുകള്‍ അഴിക്കപ്പെട്ടു.

തുടരും (അല്ല, നാളെ വന്ന് കമ്പ്ലീറ്റ് ചെയ്യും!)

ചിറാപുഞ്ചി

May 13, 2008

കഴിഞ്ഞ മാസം ഒരു രാത്രി ഞാനൊന്ന് ചിറാപുഞ്ചി വരെ ഒന്നു പോയി വന്നു.

ഏത് സ്റ്റാന്റീന്നാണ് ബസ് പിടിച്ചത് എന്നോര്‍മ്മയില്ല. പക്ഷെ.., ‘നേരെ ചിറാപുഞ്ചി… നേരേ ചിറാപുഞ്ചീ‍‘ എന്ന് വിളിച്ച് പറയുന്നത് കേട്ടിട്ടാണ് കയറിയത്. പാലക്കാട് സൈഡ് വഴിയാണ് പോയത്. കാരണം, കുതിരാന്‍ കയറ്റത്ത് ഡ്രൈവര്‍ ചില്ലറയെറിഞ്ഞത് ഞാന്‍ കണ്ടു.

പൊള്ളാച്ചി ഏരിയയിലെവിടെയോ റോഡിലേക്ക് മദ്രാസ് ഈന്തപ്പനകളുടെ തണല്‍ വീണ് കിടക്കുന്ന ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി, യാത്രക്കാരില്‍ ചിലര്‍ ചായകുടിക്കാനും മൂത്രമൊഴിക്കാനുമായി വണ്ടിയില്‍ നിന്നിറങ്ങി. ഞാന്‍ ഇറങ്ങിയില്ല. (ഭാഗ്യം!)

പിന്നേം യാത്ര. എണ്ണിയാലൊടുങ്ങാത്ത ഹെയര്‍ പിന്‍ വളവുകളിലൂടെ വണ്ടി പോയി. റോഡ് നനഞ്ഞ് കറുത്ത്, രണ്ടുസൈഡിലും പച്ചപ്പുല്ലുകള്‍ നിറഞ്ഞ ഊട്ടി റൂട്ടിലെ റോഡുകള്‍ പോലെയിരുന്നു. ചിറാപുഞ്ചി ഏരിയയല്ലേ? മഴവെള്ളം നനഞ്ഞാവും.

ബസില്‍ നിന്ന് താഴേക്ക് നോക്കിയപ്പോള്‍ വെളുത്ത കക്കകള്‍ കമിഴ്ത്തിയിട്ട പോലെ താഴ്‌വാരത്തിലെ വീടുകളുടെ മേല്‍പ്പുരകളും പരന്ന പുകയും താഴേനിന്ന് കയറി വരുന്ന സോപ്പുപെട്ടിയോളം പോന്ന വാഹനങ്ങളും കണ്ടു. വിക്‍ടോറിയയില്‍ വച്ച് ടൂര്‍ പോയപ്പോള്‍ കണ്ട അതേ സീനുകള്‍ . കുറേ കഴിഞ്ഞപ്പോള്‍ നിരനിരയായി കടകളുടെ ബോര്‍ഡുകള്‍ കാണുന്നു.

എല്ലാത്തിലും ജിലേബി പിച്ചിപ്പൊളിച്ചിട്ടിരിക്കും പോലുള്ള അക്ഷരങ്ങള്‍. ‘ഉം.. അപ്പോള്‍ കര്‍‌ണ്ണാടക എത്തി!‘ ഞാന്‍ മനസ്സില്‍ പറഞ്ഞു.

കുറച്ച് ദൂരം കൂടി പോയി, ഒരു വലിയ ഗേയ്റ്റിനുമുന്നില്‍ വണ്ടി നിര്‍ത്തി.

4 വണ്ടിക്ക് കടന്നുപോകാന്‍ പാകത്തില്‍ ഒരു എമണ്ടക്കന്‍ ഗേയ്റ്റ്. കണ്ണുതിരുമ്മി, ഗേയ്റ്റില്‍ എഴുതി വച്ചിരിക്കുന്നത് വായിച്ചു നോക്കി.

‘വെല്‍ക്കം റ്റു ദുബായ് വേള്‍ഡ് & ജെബല്‍ അലി ഫ്രീസോണ്‍ അതോരിറ്റി’

‘ഇത് നമ്മടെ ജെബല്‍ അലി മെയിന്‍ ഗേയ്റ്റല്ലേ?? അതെ. മെയിന്‍ ഗേയ്റ്റ് എന്നറിയപ്പെടുന്ന, മുന്നാം നമ്പര്‍ ഗേറ്റ്!‘

‘അപ്പോഴാണ് ഞാന്‍ തൊട്ടടുത്തിരിക്കുന്ന ആളെ നോക്കുന്നത്. അതേ. എന്റെ കൂടെ ഫാന്‍സില്‍ വന്നിരുന്ന, ഫാന്‍സിയില്‍ പോക്ക് നിര്‍ത്തിയതിന് ശേഷം ഇന്നാള് വഴിയില്‍ വച്ച് കണ്ടപ്പോള്‍ ചിരിച്ച അതേ ചുള്ളത്തി സി.ഇ.സി. കാര്‍ഡ്, സെക്യൂരിറ്റിയെ കാണിക്കാന്‍ എടുക്കുന്നു‘

‘ങേ?? ‘അപ്പോള്‍ ജെബല്‍ അലിയാണോ ചിറാപുഞ്ചി?’ അതോ ഞാന്‍ വണ്ടി മാറിക്കയറിയോ??’ ‘ഇനി ചിറാപുഞ്ചി കഴിഞ്ഞുപോയോ?’ മൊത്തം കണ്‍ഫ്യൂഷനുകളുടെ ഒരു ഘോഷയാത്രയായിരുന്നു…

അവസാനം…അവസാനം, നാറാണത്തുഭ്രാന്തന്റെ അവസാന ലൈന്‍ പോലെ, ‘ഒക്കെയൊരു വെറും ഭ്രാന്തന്റെ സ്വപ്നം’ എന്ന് തിരിച്ചറിവോടെ ഞാന്‍ കണ്ണുകള്‍ തുറന്നു.

ഓ.ടോ: ഫാന്‍സിയില്‍ കൂടെ ഉണ്ടാകാറുള്ള ആ കൊച്ചിനേം കൊണ്ട് ഊട്ടിക്ക് ടൂര്‍ പോകണംന്നൊന്നും ഞാന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. സത്യം!

മിസ്സിങ്ങ് ഞായറാഴ്ച

May 13, 2008

2007 നവംമ്പര്‍ ഇരുപത്തഞ്ചിനും 2008 ജനുവരി ഇരുപത്തഞ്ചിനുമിടക്ക് ഒന്നും ഇവിടെ എഴുതിയില്ല. പക്ഷെ, എന്തെല്ലാം വിശേഷങ്ങളായിരുന്നു!

“ഡിസമ്പര്‍ പന്ത്രണ്ടാന്തി രാവിലെ, തുളുനാടന്‍ പട്ടുടുത്ത്, തുമ്പപ്പൂ വെള്ളേപ്പവും തത്തുല്യമായ അളവില്‍ മൊട്ടക്കറീം വച്ച് നീയിരിക്ക്’ എന്ന് പറഞ്ഞിട്ട്, ഒക്കെത്തിനേം പറ്റിച്ച് പത്താം തിയതി കാലത്ത് എട്ടരക്ക് അയ്യപ്പ ജ്യോതി പോണ ടൈമില്‍ ‘ഡേങ്ങ് ട്ടേ ഡേം‘ എന്ന് പറഞ്ഞ് വീട്ടില്‍ ചെന്നിറങ്ങിയതാണ് പോയ മാസങ്ങളിലേ എന്റെ ഏറ്റവും വല്യ വിശേഷം.

പോയത് ആരോടും പറയാതെയായിരുന്നു. (കമ്പനിയിലും റുമിലുള്ളവരോടും ശശിയേട്ടനോടും പറഞ്ഞിരുന്നു)

സംഗതി ഞാന്‍ വീടിന് പിന്നീക്കോടെ ചെന്ന് പേടിപ്പിക്കണമെന്നൊക്കെ പ്ലാനിട്ടതാ. അതേതായാലും ഭാഗ്യായി, ‘സിനിമയിലേ പോലെ ജീവിതത്തിലും’ എന്ന തലക്കെട്ടോടെ പട്ടികടികൊണ്ട് അവശനിലയില്‍ കിടക്കുന്ന ഗള്‍ഫുകാരനെപ്പറ്റി അതുല്‍വാര്‍ത്ത* യില്‍ ന്യൂസ് വന്നേനെ!

സംഗതി മുന്തിയ ഇനമാണെന്ന് കേട്ടെങ്കിലും ജൂഡി ആളുകളെ കഴുത്തില്‍ കടിച്ച് കൊല്ലണ ടൈപ്പാണെന്ന് ഞാന്‍ സ്വപ്നത്തില്‍ കൂടെ വിചാരിച്ചില്ല. ഞാന്‍ വല്യ കാര്യത്തില്‍ വന്നിറങ്ങി ടാക്സിക്കാരന് കാശു കൊടുക്കുമ്പോള്‍ പട്ടി ഒരു വരവാണ്. എന്റെ അന്തപ്രാണന്‍ പോയിക്കിട്ടി. കടിക്കാന്‍ തന്നെയാണ് ഓടി വന്നേ. മൂന്നര തരം. ഷോലെയില്‍ ഗബ്ബാര്‍ സിങ്ങ് നോക്കണപോലെയല്ലേ നമ്മളെ നോക്കിയത്!

റിട്രീവറിന് നാടന്‍ കൊടിച്ചിപ്പട്ടിയിലുണ്ടായതാണെന്നാ പറയുന്നത്. എന്താ ശൂരത. ഒരാളെ അടുപ്പിക്കില്ലാന്ന് കേട്ടപ്പോള്‍ നമ്മളേം അടുപ്പിക്കില്ല എന്നോര്‍ത്തില്ലായിരുന്ന്. നാട്ടില്‍ നിന്ന് പതിനെട്ട് ദിവസവും ഞാന്‍ ജൂഡിയെ വളക്കാന്‍ നോക്കിയിട്ട് വളഞ്ഞില്ല. ഒരാളുടെ അടുത്തേ ഇണങ്ങുകയുള്ളൂ ത്രേ. സോനേഡെ അച്ഛന്‍ വാങ്ങി കൊടുത്തതാണ്. പിറകീന്ന് നോക്കിയാല്‍ കൊടിച്ചിപ്പട്ടിയാന്നെ തോന്നൂ, പക്ഷെ, തലയും ഉടലും ഒക്കെ വേറെ ലുക്കാണ്. തൃശ്ശൂര്‍ നടന്ന ഡോഗ് ഷോയുടെ പടത്തില്‍ നിന്നാണ് റിട്രീവര്‍ എന്ന പേര്‍ കിട്ടിയത്. എന്തായാലും ഒറിജിനല്‍ അല്ല ചിലപ്പോള്‍ ക്രോസ്സ് ഓണ്‍ ദി റോഡ് ആവും!!

എല്ലാം തന്നെ കട്ടക്ക് നില്‍ക്കുന്ന ദിവസങ്ങള്‍. ഒന്നും മോശമല്ല.

(ബാക്കി എഴുതാന്‍ അന്ന് വിട്ടുപോയി. ‘ഞായറാഴ്ച‘ എന്നായിരുന്നു പോസ്റ്റിന്റെ പേര്‍. പക്ഷെ, ആ പെര്‍ട്ടിക്കുലര്‍ ഞായറാഴ്ച സംഭവം എന്താണെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. എങ്കിലും പകുതിയെങ്കില്‍ പകുതി ഇവിടെ കിടക്കട്ടേ ന്ന് വച്ചു)

ബ്ലാങ്കറ്റ്

May 12, 2008

സര്‍ഫറാസിനെ ഞാനാദ്യമായി കാണുന്നത്, ജെബലലിയിലെ എട്ടാം നമ്പര്‍ റൌണ്ട് അബൌട്ടിന്റെ സൈഡിലുള്ള കാന ഞാന്‍ ഓടിവന്ന് വട്ടം ചാടികടന്ന നേരത്താണ്. ഒരു ശനിയാഴ്ച.

ലാന്റിങ്ങില്‍ പേപ്പറില്‍ ചവിട്ടിയ വകയിലുണ്ടായ ശബ്ദം കേട്ട്, ഹൈറ്റും വെയ്റ്റും ഗ്ലാമറും തുടങ്ങി ഒരുമാതിരി സ്പെസിഫിക്കേഷനുകളെല്ലാം അളവിന് ചേര്‍‌ന്നൊരു സുന്ദരക്കുട്ടപ്പന്‍ പെട്ടെന്നെന്നെയൊന്ന് തിരിഞ്ഞു നോക്കി, വീണ്ടും നടപ്പ് തുടര്‍ന്നു.

കുത്തുകളൊഴിവാക്കിയാല്‍, പുഴുങ്ങിയ ഉരുളക്കിഴങ്ങിന്റെ തൊലിക്കും അവന്റെ തൊലിക്കും ഒരേ നിറമാ. നെഞ്ചുവിരിച്ച് പിടിച്ച് ഇമ്രാന്‍ ഖാനെപ്പോലെയാണ് നടപ്പ്. അപ്പര്‍ പീസ് ഉടുപുടവയില്‍, മാച്ചിങ്ങ് ചൊകചൊകപ്പന്‍ വരയന്‍ ടൈ. അഴകാന സമൂസക്കെട്ടോടെ! കറുത്ത കണ്ണടയും കൊടും മണമുള്ള പെര്‍ഫ്യൂമും അടിച്ചിട്ടുണ്ട്.

‘ദൈവമേ.. ഇവനൊരു സ്‌ത്രീലമ്പടനോ കള്ളനോ കൊലപാതകിയോ മിനിമം കുടുംബത്തേക്ക് ഉപകാരമില്ലാത്തവനോ ആവണേ!‘ എന്ന് ഏതൊരു ശരാശരി ബാച്ചിലറും പ്രാര്‍ത്ഥിച്ചുപോകുന്ന ലുക്ക്.

ബ്ലൂ ഷെഡ് വെയര്‍‌ഹൌസുകളില്‍ ബി.സി. 4 ലൈനില്‍ , വടക്ക് നിന്ന് തെക്കോട്ട് അന്ന് ആദ്യത്തെ കമ്പനി, എസര്‍ കമ്പ്യൂട്ടേഴ്സ് ആയിരുന്നു. പിന്നെ കോഡ് സ്ട്രാപ്പ്. അതുകഴിഞ്ഞാല്‍ ലാന്റ് റോവറില്‍ വരുന്ന ഒരു കടും വെട്ട് മദാമ്മയുടെ ഓഫീസ്, പിന്നെ മോഡേണ്‍ ഫ്രൈറ്റ്, അടുത്തത്, നടന്‍ ഷാനവാസ് വര്‍ക്ക് ചെയ്തിരുന്ന ബ്ലൂ ബെല് ഷിപ്പിങ്ങ്‍, അത് കഴിഞ്ഞാല്‍ എന്റെ കമ്പനി!

കാഴ്ചക്ക് ലുക്കുള്ള ഈ അപരിചിത മുന്‍പേഗമി, ഈ ലൈനില്‍ ഏതെങ്കിലുമൊരു കമ്പനിയിലെ എക്കൌണ്ടോ കമ്പ്യൂട്ടര്‍ പ്രോഗ്രാമറോ ആയിരിക്കും! ഞാനൂഹിച്ചു. “പക്ഷെ… ഏതായിരിക്കും കമ്പനി ??“

കല്ലി വല്ലി! എവിടെയെങ്കിലുമാവട്ട്. ഞാന്‍ ആ കളചിന്തയെ പറിച്ചു.

വെക്കേഷന് നാട്ടില്‍ പോയിട്ട് ഓഫീസിലേക്ക് ആദ്യമായി വരുന്നവരവായിരുന്നന്ന്. ഹോളിഫാമിലി കോളേജ് വിടുന്ന ടൈമില്‍ വയ്ക്കോല്‍ ചിക്കാന്‍ പോകുന്ന പോലെയൊരു വേണ്ടായയുമായുള്ള പോക്ക്.

ലീവ് തീര്‍ന്നു വരുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നതിലും കടുത്ത സങ്കടമാണ്, ദുബായില്‍ നിന്ന് ജെബല്‍ അലിയിലേക്കുള്ള ബസില്‍ കയറിയിരിക്കുമ്പോള്‍ . ലോകത്ത് വല്ലാതെയങ്ങ് ഒറ്റപ്പെട്ടുപോകും. മനസ്സ്‍, പൂരപിറ്റേന്നത്തെ പൂരപ്പറമ്പായി മാറും. ഓര്‍മ്മകള്‍, പൂരപ്പറമ്പില്‍ ചിതറി കിടക്കുന്ന ചുങ്ങിയ ബലൂണുകളും കടലാസുതൊപ്പികളും ആ‍നപ്പിണ്ടവും പോലെയും.

സംഗതി, ദുബായ് വച്ച് നോക്കിയാല്‍ കൊടകര ഒരു പൊട്ട കിണറും ഞാനതിലെ ഒരു മാക്കാന്‍ തവളയുമാണ്. പക്ഷെ, നമ്മളെ പരിചയമുള്ള, സഹ മാക്കാന്‍/മാക്കാച്ചിമാരെ കണ്ടും മിണ്ടിയും തോണ്ടിയും ഓര്‍മ്മവച്ച കാലം മുതല്‍ പരിചിതമായ ആ പൊട്ടക്കിണറിന്റെ തണലിലും തണുപ്പിലും സുരക്ഷിതത്വത്തിലും അര്‍മ്മാദിച്ച് ജീവിക്കുന്നതിന്റെ ആ ഒരു രസം, അതിനി എത്തറ ഹൈട്ടെക്കായാലും മെട്രോപോളിയനായാലും, ഒരു മനുഷ്യ കുഞ്ഞ് നേം അറിയാത്തൊരു നാട്ടില്‍, മാക്കാന്റെ മനസ്സുമായി ജീവിക്കുന്ന എനിക്കെവിടുന്ന് കിട്ടാന്‍ ??

സര്‍ഫറാസ്, കടും വെട്ട് മദാമ്മയുടെ കമ്പനിപ്പടി ക്രോസ് ചെയ്തപ്പോഴാണ് എനിക്ക് അതുവരെ തോന്നാഞ്ഞ ഒരു റ്റെന്‍ഷന്‍ വന്നത്.

“പാമ്പുകടിക്കാന്‍ ഇനി ഇവന്‍ നമ്മുടെ കമ്പനിയിലേക്കെങ്ങാനുമായിരിക്കുമോ?“

“എന്റെ പോസ്റ്റില്‍, പണി മര്യാദക്കറിയുന്നവരെ വല്ലവരേം പിടിച്ച് വച്ചോ??“

നാട്ടില്‍ പോയതിന്റെ തലേ ആഴ്ച, റഷ്യയിലേക്ക് അയച്ച ഒരു ടി.ടി.‍, അക്കൌണ്ട് നമ്പറില്‍ ഒരു ഡിജിറ്റ് മാറിപ്പോയെന്ന നിസാര കാരണത്താല്‍ ഫണ്ട്,

‘ഇല്ലത്തൂന്നിറങ്ങേം ചെയ്തു. അമ്മാത്തോട്ടേത്ത്യേമില്ല’ എന്ന റോളിലായി ഷിപ്പ്‌മെന്റ് ഹോള്‍ഡ് ആയതിന് ശേഷം, ശങ്കരേട്ടനെന്നോട് ഭയങ്കര വാത്സല്യമായിരുന്നേയ്.

എന്റെ ഹൃദയമിടിപ്പിന്റെ സ്പീഡ് കുത്തനെയുയര്‍ത്തിക്കൊണ്ട്, ഞാന്‍ പ്രതീക്ഷിച്ച പോലെ, അങ്ങിനെ അവസാനം സര്‍ഫറാസ് നെഞ്ചുവിരിച്ചുപിടിച്ച്, എന്റെ കമ്പനിയിലേക്ക് കയറി. ഒരു പത്തു മീറ്റര്‍ പിറകില്‍, ‘ഈശ്വരാ…’ എന്ന് വിളിച്ച് ഞാനും.

മെയിന്‍ ഡോര്‍ തുറന്ന് ഞാന്‍ അകത്ത് കയറിയ വശം, എന്റെ ശ്വാസം പകുതി ഓക്കെയായി. കാരണം, അവന്‍ എന്റെ സീറ്റിലല്ല ഇരിക്കുന്നത്.

അവനെ നോക്കി ‘ഗുഡ് മോണിങ്ങ്’ പറഞ്ഞ് എന്റെ സീറ്റിലിരുന്ന പാടെ, സര്‍ഫറാസ് എണീറ്റ് എന്റെ അടുത്തുവന്ന്, സ്വയം പരിചയപ്പെടുത്തി പറഞ്ഞു.

“ഞാന്‍ സര്‍ഫറാസ്. പുതിയതായി വന്ന ഓഫീസ് ബോയ് ആണ്. ഇവിടെ, ചായ വേണോ അതോ കാപ്പിയോ?“

“അതു ശരി. അപ്പോ ടയ്യും കോപ്പും കെട്ടി, മനുഷ്യനെ പേടിപ്പിക്കാന്‍ നടക്കുകയാണല്ലേ?” എന്ന് മനസ്സില്‍ പറഞ്ഞ്,

“ഓക്കെ.. ഓക്കെ… നല്ല കടുപ്പത്തില്‍, രണ്ട് ടീസ്പൂണ്‍ പഞ്ചാരയിട്ട് ഒരു നാല് ടീസ്പൂണ്‍ പാല്‍ പൊടിയുമിട്ട് ഒരു ചായയെട്!!“ എന്ന് മാക്സിമം ഗൌരവത്തില്‍ ഞാന്‍ പറഞ്ഞു. എന്തിനാ കുറക്കണ്!

മറ്റു പാക്കിസ്താനി എമ്പ്ലോയീസ് താമസിച്ചിരുന്ന ന്യൂ ഈസ്റ്റ് അക്കോമഡേഷനില്‍ സ്ഥലപരിമിതി മൂലം തല്‍ക്കാലികമായി സര്‍ഫറാസിനെ ഓള്‍ഡ് വെസ്റ്റ് എക്കോമഡേഷനില്‍, ടെമ്പററിയായി എന്റെ റൂമിലാക്കിയപ്പോള്‍, സര്‍ഫറാസ് എന്നൊരു പാക്കിസ്ഥാനിയെ എനിക്ക് ഓഫീസിലും അക്കോമഡേഷനിലും അസിസ്റ്റന്റായി കിട്ടുകയായിരുന്നു.

ഓഫീസ് വിട്ട് പോകുമ്പോള്‍ സര്‍ഫറാസ് എന്നോട് പാക്കിസ്ഥാന്‍ പ്രണയ വിശേഷങ്ങള്‍ പറഞ്ഞു. അവന്‍ കല്യാണം കഴിക്കാന്‍ പോകുന്ന ‘താഹിറ‘ എന്ന കുട്ടിയെപ്പറ്റിയും, ഇവന്റെ കൈത്തണ്ടയില്‍ പച്ചകുത്തി വച്ച അവളുടെ പേരും തെളിവായി കാണിച്ച് തന്നു. എനിക്കങ്ങിനെ എടുത്ത് പറയാനാരുമുണ്ടാകാതിരുന്നതിനാല്‍ മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ എന്നോട് പറയരുതെന്ന് ഞാന്‍ ആജ്ഞാപിച്ചു.

റൂമില്‍ വച്ച് അവനെനിക്ക് ‘അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹി മുബറക്കാത്തുഹു’ എന്ന് പറയാന്‍ പഠിപ്പിച്ചു തന്നു. പകരം, ഞാനവന് ‘അയ്യപ്പനും വാവരും’ സിനിമാക്കഥയും ‘പള്ളിക്കെട്ട് ശബരിമലക്ക്’ എന്ന അയ്യപ്പഭക്തിഗാനവും പഠിപ്പിച്ചുകൊടുത്തു.

‘കാറിന്റെ ബിസിനസ്സില്‍, അവന്റെ ഇരുപത് മില്യണ്‍ ദിര്‍ഹം നഷ്ടമായി, ഇവിടെ വിസിറ്റില്‍ വന്നപ്പോള്‍ ഒരുമാസം ഹയാത്ത് റിജന്‍സിയിലാണ് താമസിച്ചിരുന്നത്, ബേനസീര്‍ ബൂട്ടോ അവന്റെ വകയിലെ ഒരു അമ്മായിരെ മോളായിട്ട് വരും എന്നിങ്ങനെ, ഒരു നിലക്കും ഡൈജസ്റ്റാവാത്ത ഐറ്റംസ് ഇറക്കുമെന്നതും ലൈഫില്‍ ഇന്നേവരെ പല്ലുതേക്കാത്തതുകൊണ്ട്, കൊള്ളിപ്പുഴുക്ക് തിന്നിട്ട് വായകഴുകാത്ത പോലെയുള്ള ദന്തകാന്തിയാണെന്നതുമൊഴിച്ചാല്‍ സര്‍ഫറാസിനെ എനിക്കിഷ്ടമായിരുന്നു.

ഹവ്വെവര്‍, രാവിലെ ഓഫീസില്‍ വന്നാല്‍ എട്ടുമണിമുതല്‍ ആറു വരെ ബാധിക്കുന്ന ഉന്മേഷക്കുറവും, തളര്‍ച്ചയും, ഒരുകാരണവുമില്ലാതെ എമര്‍ജന്‍സി ഫയര്‍ അലാറം ഞെക്കി പൊട്ടിച്ച് ഫയര്‍ എഞ്ജിന്‍ വരുത്തിയതും, വെയര്‍ ഹൌസിലെ ഫോര്‍ക്ക് ലിഫ്റ്റ് എടുത്തോണ്ട് പോയി ചുമരിലിടിച്ചതും, സൂപ്പര്‍വൈസറെ കമ്പിപ്പാരക്ക് അടിക്കാന്‍ പോയതുമെല്ലാം സര്‍ഫറാസിന് കമ്പനിയില്‍ നിന്ന് പുറത്തേക്ക് വഴിയൊരുക്കി.

അങ്ങിനെ അവന്റെ വിസ ക്യാന്‍സല്‍ ചെയ്തിട്ടും, മറ്റൊരു ജോലി കിട്ടും വരെ എന്റെ കൂടെ തന്നെ താമസിപ്പിച്ചത് എന്റെ സ്പെഷല്‍ റിക്വസ്റ്റിന്റെ പുറത്തായിരുന്നു, മാനേജര്‍ക്ക് യാതൊരു താല്പര്യമില്ലാതിരുന്നിട്ടും!

ഒരു വെള്ളിയാഴ്ച വൈകുന്നേരം ഞാന്‍ റൂമില്‍ ചെല്ലുമ്പോള്‍, റൂം ശൂന്യം. സര്‍ഫറാസുമില്ല, അവന്റെ പെട്ടിയുമില്ല, കുടുക്കയുമില്ല.

എന്നാലും എന്നോടൊരു വാക്ക് പറയാതെ പോയത് കഷ്ടമായല്ലോ… എന്നോര്‍ത്ത് ‘കൂടെ വേറെ വല്ലതും പോയോ?’ എന്ന് നോക്കുമ്പോഴാണത് ശ്രദ്ധിച്ചത്.

അവന്റെ കിടക്കയില്‍ ‍‍, ബ്ലാങ്കറ്റ് കാണാനില്ല! കമ്പനി വക. പുതുപുത്തന്‍!

‘അപ്പോള്‍ അതാണ് ഗഡി പറയാതെ മുങ്ങിയത്. ങും! സംഗതി വളരെ ചീപ്പായിപ്പോയി‘. എന്നും തോന്നി.

പിറ്റേന്ന് ഓഫീസില്‍ ചെന്ന്, അബ്സ്കോണ്ടിങ്ങ് ഓഫ് ബ്ലാങ്കറ്റിനെ ക്കുറിച്ച് ബോസിനോട് പറഞ്ഞപ്പോള്‍ , ആള്‍, ‘ഐ റ്റോള്‍ഡ് യു. ഐ റ്റോള്‍ഡ് യു.. ഇറ്റ്സ് യുവര്‍ മിസ്‌റ്റേക്ക്’ എന്ന് പലവുരു പറയുകയും,

എനങ്ങാതിരിക്കണ ചുണ്ണീമെ ചുണ്ണാമ്പ് തേച്ച് പൊള്ളിച്ചു എന്ന് പറയും പോലെ, അവന്റെ ബ്ലാങ്കറ്റ് തിരിച്ചുവാങ്ങല്‍‍ നമ്മുടെ ഉത്തരവാദിത്വമായി മാറി.

സംഗതി രാവ് പകല്‍ കൊണ്ടുപിടിച്ച വര്‍ത്താനമായിരുന്നു എങ്കിലും, സര്‍ഫറാസുമായി ആകെയുള്ള ബന്ധം അവന്റെ ചേട്ടന്റെ നമ്പറാണ്. അന്നേ ദിവസം ഞാന്‍ പലതവണ ചേട്ടനെ വിളിച്ചു. പക്ഷെ, ആള്‍ എടുക്കുന്നില്ല.

രണ്ടു പകലും രണ്ടു രാത്രിയും അങ്ങിനെ ഞാന്‍ സര്‍ഫറാസിനെ വെറുത്തു. എങ്കിലും അവന്റെ ചേട്ടന്‍ വര്‍ക്ക് ചെയ്യുന്ന കമ്പനി അറിയാവുന്നതുകൊണ്ട് അവിടെ പോയി ചോദിക്കാമെന്നും കരുതി സമാധാനിച്ചു.

പിറ്റേദിവസം രാവിലെ ഒരു പത്തുമണിയായിക്കാണും. ഓഫീസിലേക്ക് സര്‍ഫറാസിന്റെ ഒരു കോള്‍.

അവന്റെ സ്ഥിരം നമ്പറുകളായ ഒരുപാട് ഉപചാര ചോദ്യോത്തരങ്ങള്‍ക്ക് ശേഷം, കമ്പനിയില്‍ എന്നെ മാത്രം അതീവ സ്‌നേഹത്തോടെ വിളിക്കുന്ന ‘പായിന്‍’ ചേര്‍ത്തെന്റെ പേര്‍ വിളിച്ച്, എന്നോട് ചോദിച്ചു. “ഷബീര്‍ ബായിയെ ഒന്ന് വേണം. കിട്ടുമോ?“

ഉപചാരഘോഷയാത്ര കഴിഞ്ഞു, ഇനി കാര്യത്തിലേക്ക് കടക്കാമെന്ന് മനസ്സിലായ ഞാന്‍ പറഞ്ഞു.

‘ഷബീറിനെ നമുക്ക് സംഘടിപ്പിക്കാം. പക്ഷെ, അതിനു മുന്‍പ് ഒരു കാര്യം ചോദിക്കട്ടേ. റൂമില്‍ നിന്ന് ആരോട് ചോദിച്ചിട്ടാ ആ ബ്ലാങ്കറ്റ് എടുത്തത്??’

അതിനവന്റെ മറുപടി കേട്ട് ശരിക്കുമെന്റെ കണ്ട്രോള്‍ പോയി. ചിത്രം സിനിമയില്‍ നെടുമുടി വേണു “ഏതഞ്ഞൂറ്“ എന്ന് ചോദിക്കുമ്പോലെ ഒരു ചോദ്യം.

“ഏത് ബ്ലാങ്കറ്റ്?“

“നിന്റെ അമ്മക്ക് സ്ത്രീധനം കിട്ടിയ ബ്ലാങ്കറ്റ്!!“

എന്നായിരുന്നു മനസ്സില്‍ നിന്ന് പുറപ്പെട്ട ഉത്തരം. പക്ഷെ, വായിലെത്തിയപ്പോഴേക്കും ഞാനത് ‘നീ ഉപയോഗിച്ചിരുന്ന ആ നീല കളറിലുള്ള ബ്ലാങ്കറ്റ്!‘ എന്നാക്കി പറഞ്ഞു. വെറുതേ ഒരു നിസാര ബ്ലാങ്കറ്റിന്റെ കേസിന്… എന്തിനാ….

“ദൈവത്താനെ ഞാന്‍ ഒരു ബ്ലാങ്കറ്റും എടുത്തിട്ടില്ല!“ എന്ന ദൈന്യതയോടെയുള്ള അവന്റെ ഡയലോഗ് കേട്ട് എനിക്ക് ദേഷ്യം നൂറ് ഡിഗ്രി കവിയുകയും, ‘എന്നാ ഒന്ന് ഹോള്‍ഡ് ചെയ്യ്’ എന്ന് പറഞ്ഞ് ഫോണ്‍ മാനേജര്‍ക്ക് കൊടുത്ത്,

‘സര്‍, സര്‍ഫറാസ് ലൈനിലുണ്ട്. അവനിപ്പോള്‍ പറയുന്നു, അവന്‍ ജീവിതത്തില്‍ ബ്ലാങ്കറ്റ് ഉപയോഗിക്കുകയോ, ആ പേര്‍ കേള്‍ക്കുകയോ ചെയ്തിട്ടില്ല എന്ന്. സാറിന് വേണമെങ്കില്‍ ചോദിക്കാം. മിടുക്കുണ്ടെങ്കില്‍ വാങ്ങിച്ചെടുക്കാം’

പിന്നീട്, ബോസിന്റെ വക ഷൌട്ട് നാടകം തന്നെ ഓഫീസില്‍ നടന്നു. സര്‍ഫറാസിന് ഇങ്ങേര്‍ പറഞ്ഞത് മുഴുവന്‍ മനസ്സിലായിക്കാണാന്‍ വഴിയില്ല (എനിക്കും!) എങ്കിലും ബ്ലഡി ഫൂള്‍, തീഫ്.. എന്നൊക്കെ കേട്ടാല്‍ ആര്‍ക്കാ മനസ്സിലാവാത്തെ.

“ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ആ ബ്ലാങ്കറ്റ് തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍, ഇവിടെ വെയര്‍ ഹൌസില്‍ നിന്നും മിസ്സിങ്ങായ ഒരു പാലറ്റ് ബെയറിങ്ങുള്‍പ്പെടെ, എന്റെ ഒരു ജോഡി ഷൂ ഉള്‍പ്പെടെ എല്ലാ സാധനവും നീ എടുത്തതാണെന്ന് കാണിച്ച് പോലീസില്‍ കംബ്ലെയ്ന്റ് ചെയ്യും’ എന്ന് ഉറക്കെ പറഞ്ഞ്, ഫോണ്‍ കട്ട് ചെയ്തു.

“കള്ളന്‍! ഞാന്‍ വേണമെങ്കില്‍ കാശ് കത്തിച്ച് കളയും. പക്ഷെ, ചീ‍റ്റിങ്ങ് സഹിക്കിക്കില്ല.‘ എന്ന് ആത്മഗതിച്ച് ആള്‍ സീറ്റില്‍ നിന്നെണീറ്റ് പോയി.

അങ്ങിനെ അഞ്ചുപത്ത് നിമിഷത്തെ സ്‌ഫോടനാത്മക സീനുകള്‍ക്ക് ശേഷം, രംഗം ശാന്തമായി. എന്റെ റ്റെന്‍ഷനും മാറി.

പിറ്റേന്ന് സൂര്യന്‍ സ്വച്ഛസുന്ദരമാം ജബലലി ബ്ലൂഷെഡ് വെയര്‍ഹൌസുകള്‍ക്ക് മീതെ ഏസ് യൂഷ്വല്‍ അറബിയില്‍ ഗുഡ്‌മോണിങ്ങ് പറഞ്ഞ് ഉദിച്ചുപൊന്തി.

ഓഫീസില്‍ എത്തുമ്പോള്‍ ഞങ്ങളുടെ പി.ആര്‍. ഓ. ഷബീര്‍ എന്നെയും നോക്കി ഡോറില്‍ നില്‍ക്കുന്നു. അടുത്തെത്തിയ വശം അവന്‍ പറഞ്ഞു..

‘ദുഷ്ടാ… നീ എന്നാലും എന്റെ അളിയന്‍ ആ പാവം അര്‍ഷദ് ബായിയോട് ഇത്രേം വേണ്ടിയിരുന്നില്ല!‘

ഏത് അര്‍ഷദ് ബായ്? എന്ന് ചോദിച്ചപ്പോള്‍,

‘ഇടക്ക് എന്റെ റൂമില്‍ വന്ന് കിടക്കാറുള്ള താടി വച്ച ആളില്ലേ? വണ്ണം കുറഞ്ഞത്? നിന്നെ ഞാന്‍ പരിചയപ്പെടുത്തിയിട്ടുണ്ട് ആളെ. ഓര്‍മ്മയില്ലെ?‘

“ഓക്കെ ഓക്കെ.. പക്ഷെ, അര്‍ഷദ് ബായിയോട് ഞാനെന്തു ചെയ്തു?“ എന്ന ചോദ്യത്തിന് മറുപടിയായി, ഷബീര്‍ തുടര്‍ന്നു.

“ഇന്നലെ, ആളുടെ കാര്‍ ആക്സിഡന്റായി എന്നെന്നോട് പറയാന്‍ വേണ്ടി നമ്മുടെ ഓഫീസില്‍ വിളിച്ചപ്പോള്‍, “ആരോട് ചോദിച്ചിട്ടാണ് ബ്ലാങ്കറ്റ് എടുത്തേന്ന്“ നീ ചോദിച്ചെന്നും, “ഏത് ബ്ലാങ്കറ്റ്?” എന്ന് ചോദിച്ചപ്പോള്‍, ഉടനെ, ഫോണ്‍ ബോസിന് കൊടുത്തെന്നും, ബോസ് ഇംഗ്ലീഷില്‍ ഒരുപാട് ചീത്തവിളിച്ചെന്നും പോലീസിനെ കൊണ്ടു പിടിപ്പിക്കുമെന്നും പറഞ്ഞെന്നും പറഞ്ഞ്, ഇന്നലെ രായ്ക്ക് രാമാനം എന്നെ കാണാന്‍ വന്നിരുന്നു’

‘അപ്പോള്‍ അത് സര്‍ഫറാസല്ലായിരുന്നോ? അങ്ങിനെയെങ്കില്‍ ആള്‍ക്ക് പറയാരുന്നില്ലേ.. നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല ഞാനെന്ന് !’

‘അതിന് ആള്‍ വിചാരിച്ചു, കഴിഞ്ഞ വെള്ളിയാഴ്ച എന്റെ റൂമില്‍ കിടക്കാന്‍ വന്നപ്പോള്‍ എന്റെ റൂമില്‍ കിടന്ന ബ്ലാങ്കറ്റ് ആളെടുത്തുകൊണ്ടു പോയി എന്നാണ് നിങ്ങള്‍ പറയുന്നതെന്ന്!‘

ആള്‍ക്ക് ദേഷ്യം മുഴുക്കന്‍ ഷബീറിനോടായിരുന്നു ത്രേ. അവന്റെ റൂമിലെ ബ്ലാങ്കറ്റ് പോയപ്പോള്‍ സ്വന്തം അളിയനെ സംശയിച്ചതിലും കമ്പനിയില്‍ പോയി കമ്പ്ലയിന്റെ ചെയ്തതിലും.

പാവം അര്‍ഷദ് ബായ്. അന്നത്തെ ആ ഫോണ്‍ വിളിക്ക് ശേഷം ഇന്നേവരെ എന്റെ ഓഫീസിലേക്ക് ഫോണ്‍ ചെയ്തിട്ടില്ല.

വാല്‍ക്കഷണം:

റിലീസ് ടൈമില്‍ വേറെ ജോലി ശരിയാവാതെ നാട്ടിലേക്ക് തിരിച്ച് പോയ സര്‍ഫറാസ്, പോകുന്നതിന് മുന്‍പ് ബ്ലാങ്കറ്റ് എന്റെ റൂമിലെത്തിക്കാനായി ഒരു സുഹൃത്തിന്റെ പക്കലേല്പിച്ചിരുന്നു. കൂട്ടത്തില്‍, എന്നോട് പറയാതെ പോയതില്‍ ഒരു ക്ഷമയും!

ഹെവിഡ്യൂട്ടി!

March 19, 2008

പി.ഡബ്ല്യൂ.ഡി. ജോലിക്കാരുടെ പോലെ ഒരു കൊത്ത് രണ്ട് കള, ദെന്‍ ചായ ബ്രേയ്ക്ക്. ഒരു കൊത്ത് രണ്ട് കള, ദെന്‍ ബീഡി ബ്രേയ്ക്ക്. എഗൈന്‍ ഒരു കൊത്ത് രണ്ട് കള, ചോറ് ബ്രേക്ക്.. അതിനിടയില്‍ രണ്ടുമൂന്നു തവണ റ്റെന്റന്‍സി അനുസരിച്ച് റ്റോയലറ്റില്‍ പോയി, പോയ മെയിന്‍ കാര്യത്തിന് പുറമേ അരമണിക്കൂര്‍ കണ്ണാടി നോക്കി നില്‍ക്കല്‍… നാലുമണിയാവുന്നു, അഞ്ചാവുന്നു, വീട്ടീപ്പൂവാറാവുന്നു… ങും!! ആ റ്റൈമിലാണ് ബ്ലോഗിലെത്തുന്നത്. രോഗി.. വൈദന്‍.. :) എല്ലാം ഒരു കാലം!

ഇപ്പോള്‍ രാവിലെ ആറുമുതല്‍, രാത്രി എട്ട് വരെ (നേരം വെളുത്താ പാതിരയാവണവരെ എന്ന് പൊലിപ്പിച്ച് പറയാം) പണീന്ന് പറഞ്ഞാ പോരാ.. പൊരിഞ്ഞ പണിയാ. :(

സിദ്ധാര്‍ത്ഥനും

March 9, 2008





വെള്ളിയാഴ്ച ജുമൈര ബീച്ചുവരെ പോയി പരലുപോലെയുള്ള ഒരുപിടി മദാമ്മമാരെ കണ്ടു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ യൂറോപ്പില്‍ ജനിക്കുന്നതായിരിക്കുമെന്നും പ്രഖ്യാപിച്ചു. പക്ഷെ, സത്യത്തില്‍ ബീച്ചില്‍ പോയതിന്റെ പിറകിലെ ‘പിടിച്ചുന്തി‘ അവരോ ഞങ്ങളിലെ കാഴ്ചക്കാരോ അല്ലായിരുന്നു. വെറുതെ… വര്‍ത്താനം പറഞ്ഞിരിക്കാനൊരു സ്ഥലം.

ജുമൈരയിലെ റോഡുകളും വീടുകളും ബീച്ചും ഭംഗിയുള്ളതാണ്. അടുത്ത ജന്മത്തില്‍ ബീച്ചിനോട് ചേര്‍ന്നുള്ള വീട്ടില്‍ ജീവിക്കുന്നതായിരിക്കും എന്നും പ്രഖ്യാപിച്ചു.

പ്രഖ്യാപനങ്ങള്‍ കേട്ട് സിദ്ധാര്‍ത്ഥനെനിക്ക് നാറാണത്തു ഭ്രാന്തന്റെ ഒരു കാലിലെ മന്ത് അപ്രത്തെലാക്കി തന്നേക്കാന്‍ പറഞ്ഞ കഥയുടെ ഫിലോസഫിയെക്കുറിച്ച് പറഞ്ഞു.

‘ഫിലോസഫിയുമായി ബന്ധപ്പെട്ട് ഇനിയൊരക്ഷരം നീ മിണ്ടിയാല്‍ പല്ല് ഞാന്‍ അടിച്ചു താഴെയിടും‘ എന്ന് പറയാനാഞ്ഞ എന്നെ തടഞ്ഞുകൊണ്ട് സബ്ജക്റ്റ് ആയകാലത്ത് കോവളത്ത് കണ്ട മദാമ്മക്കാഴ്ചകഥകളിലെ ആന്റി ക്ലൈമാക്സുകളിലേക്ക് മാറ്റി സ്ഥാപിച്ചു.

വെള്ളം കുടിക്കാന്‍,‍ ചോയിത്രം സൂപ്പര്‍ മാര്‍ക്കറ്റ്. കോഫി കുടിക്കാന്‍ മെര്‍ക്കാട്ടോ. കലക്കന്‍ കിണ്ണന്‍ കാച്ചി കോഫി. ‘ഇവിടെയിരുന്ന് വലിച്ചാല്‍ സെക്യൂരിറ്റി പിടിച്ചോണ്ടു പോകും’ എന്ന കാപ്പിക്കടക്കാരന്റെ ഉപദേശം തലയില്‍ വച്ച് , ‘ദിപ്പ ശരിയാക്കി തരാം’ എന്ന് പറഞ്ഞ് , ഒരുവലി നിനക്ക്.. ഒന്നെനിക്ക് എന്ന കണക്കില്‍ ആ സിഗരറ്റ് മുച്ചാലും വലിച്ച് തീര്‍ത്തു ചാരമാക്കി.

ഫോട്ടോകളെടുത്തു. സ്നിക്കേഴ്സും ബിസ്കറ്റും വാങ്ങി.സ്നിക്കേഴ്സ് ഞങ്ങള്‍ പപ്പാതി കഴിച്ചു, ബിസ്കറ്റ് ഓരോന്ന് വച്ച് വാങ്ങിയിരുന്നു!

ഉഗ്രപ്രതാപി

February 4, 2008

അഞ്ചുപതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളം; ഷാര്‍ജ്ജ, ദുബായ്, അബുദാബി എന്ന പോലെ മൂന്ന് പീസായി കിടന്നിരുന്ന കാലത്ത് തിരുവിതാംകൂര്‍ ഭാഗത്തെ ഒരു രാജകൊട്ടാരത്തില്‍ അംഗത്തേപോലെ കഴിഞ്ഞിരുന്നൊരു അംഗരക്ഷകന്‍ വളന്ററി റിട്ടയര്‍മെന്റ് വാങ്ങി സകുടുംബം മലബാര്‍ ഏരിയയിലേക്ക് പലായനം ചെയ്തു. അഥവാ അവിടെ നിന്ന് സ്കൂട്ടായി ഓടിരക്ഷപ്പെട്ടു.

ഫാമിലിയായി താമസിക്കാന്‍ വല്യ അലമ്പില്ലാത്ത ഒരിടം തേടി നാടായ നാടുമുഴുവനലഞ്ഞ അദ്ദേഹം കറങ്ങിത്തിരിഞ്ഞ് കൊടകരയിലെത്തുകയും, പന്തല്ലൂക്കാരന്റെ പലചരക്ക് കടയും, ചിന്നപ്പയ്യന്‍ സായ്‌വിന്റെ മൊത്തവ്യാപാരവും, സുരേഷേട്ടന്റെ അച്ഛന്റെ ഹോട്ടല്‍ സുരേഷും, ചന്തക്കെട്ടിടവും മോഹന്‍ സലൂണും വാകപ്പൂക്കള്‍ പൊഴിഞ്ഞ് വീണ് റെഡ് കാര്‍പ്പറ്റ് വിരിച്ച പോലെ കിടന്നിരുന്ന റോഡും റോഡ് സൈഡും കലുങ്കുകളും കൊടകരത്തോടുമെല്ലാം പ്രഥമദൃഷ്ട്യാ തന്നെ അദ്ദേഹത്തെ ഹഠാകര്‍ഷിക്കുകയും കൂനന്‍ ഔസേപ്പേട്ടന്റെ തറവാടും പറമ്പും വാങ്ങി താമസിയാതെ അവിടെ താമസമാരംഭിക്കുകയുമായിരുന്നു.

അദ്ദേഹമാണ് പില്‍ക്കാലത്ത് ഊരുക്ക് ഉഗ്രപ്രതാപിയായി, ഏരിയയിലെ മൊത്തം ചെറുവക പിള്ളാരുടെയും പേടിസ്വപ്നമായി വിരാജിച്ച ശ്രീ തച്ചേത്ത് ഗോപാലമേനോന്‍ അവര്‍കള്‍ എന്ന ജിനുവിന്റെ മുത്തച്ഛന്‍!

മൂക്കത്ത് ഈച്ചവന്നിരുന്നാല്‍ കത്തിയെടുത്ത് വെട്ടുന്ന തരം വളരെ സൌമ്യ പ്രകൃതം. അരിചെമ്പിനകത്ത് തലയിട്ട് സംസാരിക്കും പോലെയുള്ള നല്ല ബാസുള്ള ശബ്ദം ആറടി രണ്ടിഞ്ചിന്റെ ഉയരം. മേല്‍ ചുണ്ടിനു മുകളിലെ ആ ചീര്‍മ്മത ഇല്ലെന്നതൊഴിച്ചാല്‍ ഏറെക്കുറെ രാമാനന്ദസാഗറിന്റെ രാമായണത്തിലെ ധാരാസിങ്ങിന്റെ മുറിച്ചമുറി.

കാര്യം ഉഗ്രപ്രതാപി കൊടകര നിയോജകമണ്ഢലത്തില്‍ ആകാശവാണിയുടെ സംസ്കൃതത്തിലുള്ള വാര്‍ത്ത കേട്ടാല്‍ മനസ്സിലാവുന്ന ഏകവ്യക്തിയും, ന്യായാന്യായങ്ങളറിയുന്നവനും ലോക്കല്‍ വക്കാണങ്ങള്‍ക്ക് തീര്‍പ്പ് കല്പിക്കുന്നവനും പരോപകാരിയുമായിരുന്നു. പക്ഷെ, ‘ഒരം കഴച്ചാല്‍ മനം കഴക്കില്ല’ ‘മാടിനെ കയം കാട്ടരുത്, മക്കളെ മോണ കാണിക്കരുത്’ എന്നൊക്കെ ഓരോരോ ഉഡായിപ്പ് പഴഞ്ചോല്ലുകള്‍ പറഞ്ഞ് അവനവന്റെ വീട്ടിലെ കുട്ടികളെ തല്ലുന്നത് പോട്ടെ, അടുത്ത വീടുകളിലെ കുട്ടികളെ തല്ലിക്കാന്‍ അവരുടെ പാരന്‍സിന് ഒരു പ്രചോദനവും നല്‍കിയിരുന്നു.

മിക്കാവാറും രാവിലെ എട്ടുമണിയോടെ ജിനുവിന്റെ കരച്ചില്‍ കേള്‍ക്കും. കരച്ചിലില്‍ നിന്നേ ആരുടെ കയ്യീന്നാണ് ഇന്ന് പീഢനം എന്നൂഹിക്കാന്‍ കഴിന്ന വിധം, അവന്‍ കരച്ചിലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. വടി അച്ഛന്‍ ഗോപിസാറിന്റെ കയ്യിലാണെങ്കില്‍ പ്രസന്റ് കണ്ട്യുനസ് ടെന്‍സില്‍, ‘എന്നെ കൊല്ലുന്നേ..‘ എന്നാണെങ്കില്‍ പെട മുത്തച്ഛനില്‍ നിന്നാണെങ്കില്‍, പാസ്റ്റ് ടെന്‍സില്‍, ‘എന്നെ കൊന്നേ’ എന്നുമായിരുന്നു കരച്ചില്‍.

അവനവന്റെ കുട്ടികളെ വിലയുണ്ടെങ്കിലേ അവരുടെ കൂട്ടുകാരെ വിലയുണ്ടാകൂ.. എന്ന യൂണിവേഴ്സല്‍ ട്രൂത്ത് എനിക്ക് ആദ്യമായി മനസ്സിലാക്കി തന്നത് ഉഗ്രപ്രതാപിയാണ്. കാരണം, അദ്ദേഹത്തിന്റെ പേരക്കുട്ടികളിലൊരുത്തന്റെ ചങ്ങാതിയായിരുന്നു എന്ന ഒറ്റക്കാരണത്താല്‍ എന്റെ തലവെട്ടം കണ്ടാല്‍ അദ്ദേഹം ചുവപ്പ് ജാക്കറ്റിട്ട് പോകുന്ന ആന കാര്‍ത്തേച്ചിയെ കൊച്ചുരാമേട്ടന്റെ കൂറ്റന്‍ പോത്ത് നോക്കും പോലെ ‘നയം വ്യക്തമല്ലാത്ത’ ഒരു നോട്ടം നോക്കിയിരുന്നു.

പകല്‍ സമയങ്ങളില്‍ മിക്കവാറും ഉഗ്രപ്രതാപി അവരുടെ ഉമ്മറത്തുള്ള പച്ചയില്‍ നീല, വെള്ള വരകളുള്ള തുണിയിട്ട ചാരുകസേരയില്‍ കാണും. ഉച്ചക്ക് ഊണുകഴിക്കാന്‍ അകത്ത് പോയാല്‍ പിന്നെ ഒരു നാലുമണി വരെ അകത്ത് കിടന്ന് ഉറങ്ങും. ഒഴിവു ദിവസങ്ങളില്‍ ആ സമയത്താണ് ഞങ്ങള്‍ അവരുടെ പറമ്പിലുള്ള കളികള്‍ സ്‌കെഡ്യൂള്‍ ചെയ്യാറ്.

എന്റെ പറമ്പിന്റെ വേലിയുടെ ഇടയിലൂടെ ചെക്ക് ചെയ്തിട്ടേ ഞാന്‍ സാധാരണ അവരുടെ കോമ്പൌണ്ടില്‍ കടക്കൂ. ഉഴുന്നുണ്ടിയുടെ ചാരെ നിന്ന് നോക്കിയാല്‍ ചാരുകസേരയുടെ കാല്‍ സ്റ്റാന്റില്‍ വച്ച മുത്തച്ഛന്റെ കാല്‍ പാദം കണ്ടാലോ താഴെ കോളാമ്പി കണ്ടാലോ അന്നവിടെ കളിയില്ല എന്ന് തീരുമാനിച്ച്, മടങ്ങി പോരും.

അങ്ങിനെയൊരിക്കല്‍, സ്വച്ഛസുന്ദരമായ ഒരു ഉച്ചതിരിഞ്ഞ നേരം.

പന്ത്രണ്ടരയുടെ ‘നട്ടപറ‘ ക്ലൈമാക്സ് ഷോക്ക് ശേഷം സൂര്യഭഗവാന്‍ തൊണ്ണൂറു ഡിഗ്രിയില്‍ നിന്ന് വലിഞ്ഞമര്‍ന്ന് പടിഞ്ഞാറുമാറി, പ്രകാശം പതുക്കെ പതുക്കെ ഡിമ്മാക്കി, രശ്മികളെ ബുഷ് ചെടിയുടെ മേലേ നിന്ന്‍, അപ്പുറത്തുള്ള കോഴിവാലന്‍ ചെടികളുടെ കൂട്ടത്തിലേക്ക് മാറ്റി.

തണലായി തുടങ്ങുമ്പോള്‍ ചെമ്മണ്‍ നിറമുള്ള തുമ്പിക്കൂട്ടം ബുഷിന്റെ മുകളില്‍ പറന്നുവന്നിരിക്കും. തുമ്പികളെ വടികൊണ്ടടിച്ച് പിടിക്കുകയും വാലില്‍ നൂല് കെട്ടലും അവയെക്കൊണ്ട് കല്ലെടുപ്പിക്കലും ഒരു ഐറ്റം വിനോദമായിരുന്ന കാലം.

ഊണിനും തുടര്‍ന്നുള്ള റെസ്റ്റിനുമായി മുത്തച്ഛന്‍ അകത്ത് പോയ അന്ന് ഞങ്ങള്‍ ഏസ് യൂഷ്വല്‍ തുമ്പി പിടുത്തമാരംഭിച്ചു. പൊരിഞ്ഞ വേട്ട.

അന്ന്, ഉറങ്ങാന്‍ കിടന്നപ്പോള്‍ ഉറക്കം വരാത്തതാണോ അതോ ഇനി വേറെ വല്ല ഹിഡന്‍ കാരണങ്ങളാണോ എന്നറിയില്ല, പതിവിലും വളരെ നേരത്തേ മുറുക്കാനും മുറുക്കി മുത്തച്ഛന്‍ ചാരുകസേര ലക്ഷ്യമാക്കി വന്നു..

ചുവന്നുതുടങ്ങിയ മുറുക്കാന്‍ കലര്‍ന്ന ഉമിനീര്‍, കോളാമ്പിയിലേക്ക് തുപ്പണോ അതോ കുറച്ചും കൂടെ പീഡിപ്പിച്ചിട്ട് തുപ്പിയാ മതിയോ എന്നാലോചിച്ച്, ചാരുകസേരയിലേക്ക് ചാഞ്ഞതു വരെയേ മുത്തച്ഛനോര്‍മ്മയുള്ളൂ.

അമ്മിക്കുഴ സിമന്റ് തറയില്‍ വീണ പോലെയൊരു പതിഞ്ഞ ‘പഠേ’ എന്നൊരു ശബ്ദവും കൂടെ…. ‘എന്റയ്യോ!!’ എന്നൊരു നിലവിളിയുമാണ് പിന്നെയവിടെ മുഴങ്ങി കേട്ടത്!.

ശബ്ദം കേട്ട് ഓടിച്ചെന്ന് നോക്കുമ്പോള്‍ ചാരുകസേരയിലേക്ക് പൊസിഷന്‍ ചെയ്ത കാലുകള്‍, എബ്രഹാം ലിങ്കണ്‍ മരിച്ച ടൈം സെറ്റ് ചെയ്ത (10:10) ക്ലോക്കിലെ സൂചി നില്‍ക്കും പോലെ നിര്‍ത്തി , “ഹര്‍ ര്‍ ര്‍ … ഹര്‍ ര്‍ ര്‍ ഹര്‍ ര്‍ ര്‍ “ എന്ന്‍ ശബ്ദമുണ്ടാക്കി തറയില്‍ തലയടിച്ച് മുറുക്കാനില്‍ കുളിച്ച് കിടക്കുന്ന മുത്തച്ഛനെയാണ് കണ്ടത്.

തുമ്പിയെ അടിക്കാനായി എടുത്ത ചാരുകസേരയുടെ വടിയുമായി തന്നെയായിരുന്നു ഞങ്ങള്‍ സ്പോട്ടിലെത്തിയത്. അതുകൊണ്ട് “അപ്പോള്‍ ചാരുകസേരയുടെ വടിയെവിടെപ്പോയി???“ എന്ന ചോദ്യം ആര്‍ക്കും ചോദിക്കേണ്ടി വന്നില്ല.

‘വടിയെടുത്തത് ഞാനല്ല, ഇവനാണ്’ എന്നവന്‍ ‍ പറഞ്ഞത് കേട്ട്, ‘ഏയ് അങ്ങിനെ വരാന്‍ യാതൊരു ചാന്‍സുമില്ല!’ എന്ന് പറഞ്ഞ് ഞാന്‍ വീട്ടിലെക്കോടുമ്പോള്‍, ജിനുവിന്റെ പാസ്റ്റ് ടെന്‍സിലുള്ള കരച്ചില്‍ ആരംഭിച്ചിരുന്നു.

ആ സംഭവത്തിന് ശേഷം, ഒന്നര ഇഞ്ചിന്റെ ആണി വാങ്ങി കസേരയുടെ വടി തലങ്ങും വിലങ്ങും അടിച്ച് അവിടെ പെര്‍മനന്റായി ഉറപ്പിച്ചു വച്ചിട്ടും, ശേഷം എന്ന് ചാരുകസേരയിലിരുന്നാലും ഒരു കൈ കൊണ്ട് ഒന്ന് അമര്‍ത്തി നോക്കിയിട്ടെ ഉഗ്രപ്രാതാപി ഇരിക്കാറുള്ളൂ എന്നത് ചരിത്രം. രണ്ടു ദിവസം തലയുടെ പിറകുഭാഗം നവരക്കിഴി പോലെ സ്മൂത്തായതിന്റെ സ്മരണ!

ചന്ദനമാലയിട്ട മുത്തച്ഛന്റെയും ഗോപിസാറിന്റെയും ഫോട്ടോക്ക് കീഴെ ജിനുവിന്റെ വീട്ടില്‍ ഇപ്പോഴും ഓര്‍മ്മകളുടെ സ്മാരകമായി ആ ചാരുകസേരയിരിപ്പുണ്ട്. ആണിയടിച്ചുറപ്പിച്ച വടിയോടെ തന്നെ. ഊരിമാറ്റാന്‍ ഞങ്ങളില്ലെങ്കിലും…

ഇരുപതിനായിരം ഉറുപ്യ

January 12, 2008

നാട്ടിലെ ആദ്യകാല ഗള്‍ഫുകാരിലൊരാളാണ് ഗോപ്യേട്ടന്‍.

പാലട ശിവരാമന്‍ നായരുടെ പാലും വെള്ളം പോലുള്ള മനസ്സുള്ള മകന്‍‍, അഥവാ പാ‍ല്പാട പോലുള്ള പെങ്ങന്മാരുടെ ആങ്ങള, മറ്റൊരു അഥവാ കൂടെ ചേര്‍ത്തുപറഞ്ഞാല്‍.., കുഞ്ഞിപ്പാലുവെന്ന ഓമനപ്പേരുള്ള ഞങ്ങള്‍ കൊടകരക്കാരുടെ സ്വന്തം ഗോപ്യേട്ടന്‍.

ഗോപ്യേട്ടന്റെ രീതികളായിരുന്നു ഈ ലോകത്തുള്ളവര്‍ക്കെല്ലാമെങ്കില്‍ ബാറായ ബാറുകളും ഷാപ്പായ ഷാപ്പുകളും ബീഡി, സിഗരറ്റ് കമ്പനികളുമെല്ലാം പൂട്ടിപ്പോകുമെന്നും പോലീസിനും വക്കീലന്മാര്‍ക്കും മൊത്തം പണി പോയി അവരുടെ കുടുമ്മം പട്ടിണിയാവുമെന്നും പൊതുവെ പറയും. അത്രക്കും ഡീസന്റ്. തനി 916. (ഹോള്‍ മാര്‍ക്ക് കാണാന്‍ വഴിയില്ല!)

പാരമ്പര്യമായി കിട്ടിയ പ്രകൃത്യാലുള്ള ഫ്രഞ്ച് താടിയുടെ താഴെയുള്ള കണക്ഷനങ്ങ് ഷേയ്‌വ് ചെയ്ത് നീക്കി, നല്ല ബ്രീഫ് കേയ്സിന്റെ പിടിപോലുള്ള മീശയും വച്ച് ജാസ്മിന്‍ സ്പ്രേയുമടിച്ച് വെള്ളയും വെള്ളയും ഇട്ട് പോകുന്ന ദുബായ്ക്കാരന്‍ ഗോപ്യേട്ടനെ ഭര്‍ത്താവായി കിട്ടാന്‍, കരയിലെ കെട്ടുപ്രായം തികഞ്ഞ ദാവണിയുടുത്ത ഹവ്വകളും, അളിയനായി കിട്ടാന്‍, കൈലിമുണ്ടുടുത്ത് കലുങ്കിലിരുന്നിരുന്ന ആദങ്ങളും റിഹേഴ്സലെടുത്തിരുന്നെന്ന് പറയപ്പെടുന്നു.

ഗോപ്യേട്ടന്‍ മീനാക്ഷി ചേച്ചിയെ കല്യാണം കഴിച്ചിട്ടും പടപടേന്ന് മൂന്ന് പിള്ളാരുണ്ടായിട്ടും, പെങ്ങന്മാരെ മൊത്തം കല്യാണം കഴിപ്പിച്ച് വിട്ടിട്ടും ജനത്തിന് ഗോപ്യേട്ടനോടുള്ള സ്‌നേഹത്തിന് കാര്യമായ കുറവൊന്നും വന്നില്ല, കല്യാണത്തിന്റന്ന് ചെറിയ മനപ്രയാസമുണ്ടായതൊഴിച്ചാല്‍!

എല്ലാ കൊല്ലവും ഡിസംബര്‍ മാസത്തിലാണ് ഗോപ്യേട്ടന്‍ ലീവിന് വരിക. കുളിര്‍ ക്ലൈമറ്റും പിന്നെ കൊടകര ഷഷ്ഠിയും കാര്‍ത്തികയും ക്രിസ്തുമസും വല്യപെരുന്നാളും വരിവരിയായി പിന്നെക്കെ പിന്നെക്കെ വരുന്ന ഏറ്റവും നല്ല മാസം.

ലാന്റ് ചെയ്താല്‍ ഒരാഴ്ചക്ക് ഗോപ്യേട്ടന്‍ അങ്ങിനെ വീടിന് പുറത്തിറങ്ങില്ല. ഗള്‍ഫില്‍ അതികഠിനമായ ജോലികള്‍ ചെയ്ത് വിറക് വെട്ടുകാരനെ പോലെ ക്ഷീണിച്ചവശനായി വരുന്ന ഗോപ്യേട്ടനെ, വാട്ടിയ കോഴിമുട്ടയും, മട്ടണും, മുരിങ്ങക്കായകൊണ്ടുണ്ടാക്കിയ പലവിധ തോരനുമൊക്കെ കൊടുത്ത് ഒന്ന് സുന്ദരകുട്ടപ്പനാക്കുവാനാണ് ഈ ആദ്യത്തെ ഒരാഴച കൂട്ടിലിടുന്നതെന്നാണ് ചേച്ചി പറയുക.

ഹവ്വെവര്‍, ആ ഒരാഴ്ച ഗോപ്യേട്ടന്റെ വീടിന്റെ ഭാഗത്തുനിന്ന് ചവര്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ കേള്‍ക്കുന്ന പോലെ പൊട്ടലും ചീറലും കേള്‍ക്കുമെന്നും ഒരു നാട്ടുവര്‍ത്താനവുമുണ്ട്! അതെന്താണോ ആവോ?

ഒരു കൊല്ലത്തെ വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞ് തീര്‍ക്കണ്ടേ? ദിവസങ്ങള്‍ എണ്ണിയെണ്ണിയിരിക്കുന്ന ഭാര്യക്കും ‘അച്ഛന്‍ വരാന്‍ ഇനി എത്ര ദിവസംണ്ടമ്മേ?’ എന്ന് ദിവസവും ചോദിക്കുന്ന കുട്ടികള്‍ക്കുമൊപ്പം സ്വസ്ഥമായി സ്വന്തം വീട്ടിലിരിക്കാന്‍ ആഗ്രഹിക്കാത്തവരാരാ ഉള്ളത്?

ഒരാഴ്ചത്തെ സുഖചികിത്സക്ക് ശേഷം ടെസ്റ്റിനുമുന്‍പ് ഫുള്‍ സര്‍വ്വീസ് ചെയ്തിറക്കുന്ന വണ്ടിയെപ്പോലെ മൊത്തം കുട്ടപ്പനായി പുറത്തിറങ്ങുന്ന ഗോപ്യേട്ടന്‍ അയലോക്കത്തും തറവാട്ടുവക അമ്പലത്തിലും പോയതിന് ശേഷം, നേരെ പോകുക കോഴിക്കോടുള്ള പഴേ ചങ്ങാതി അദ്രുമാന്റെ അടുത്തേക്കാണ്.

ബോംബെയില്‍ വച്ച് കൂടിയ കൂട്ടാണ്. ഒരേ പാത്രത്തില്‍ നിന്നുണ്ട് ഒരേ പായയില്‍ കിടന്നുറങ്ങിയ സ്‌നേഹം, കൂട്ടുകാരന്‍ ഗള്‍ഫില്‍ നിന്ന് അവസാനിപ്പിച്ച് മടങ്ങിയിട്ടും ഗോപിയേട്ടന്റെ മനസ്സില്‍ പച്ചകുത്തിയ പോലെ കിടക്കുകയാണത്രേ..

അങ്ങിനെയൊരു വര്‍ഷം, അദ്രുമാനെ കാണാന്‍ പോയ ഗോപ്യേട്ടന്‍‍ ചെന്നുപെട്ടത് വല്ലാത്തൊരു കുരുക്കിലായിരുന്നു.

വീടുപണിക്ക് സഹായമായി അദ്രുമാന് കൊടുക്കാന്‍ കുറച്ച് കാശും കൊണ്ടാണ് ഗോപ്യേട്ടന്‍ അക്കൊല്ലം പോയത്. പക്ഷെ, സ്ഥലത്തെത്തിയപ്പോള്‍ അദ്രുമാന്റെ വീട്ടിലാരും ഇല്ല. എന്തോ മരണാ‍വശ്യമായി വീടടച്ചിട്ട് എല്ലാവരും പോയി ത്രേ. കുറെ നേരം കാത്തിരുന്ന് മുഷിഞ്ഞപ്പോള്‍, ‘ഞാന്‍ വന്നൂന്ന് പറയണം’ എന്ന് അടുത്ത വീട്ടില്‍ പറഞ്ഞേല്പിച്ച് ഗോപ്യേട്ടന്‍ തിരിച്ച് പോന്നു. ഇരുട്ടുമ്പോഴേക്കും വീട്ടിലെത്തണ്ടേ?

കൊടകര നിന്ന് കോഴിക്കോടേക്കും തിരിച്ചും ആ ഒറ്റ ദിവസം യാത്ര ചെയ്ത് വരുമ്പോള്‍ ഒരാഴ്ചത്തെ സുഖചികിത്സകൊണ്ടുണ്ടായ ഗോപ്യേട്ടന്റെ ആ തുടിപ്പും ഫിനിഷിങ്ങും പോകുമെന്നാ മീനാക്ഷിചേച്ചി പറയുക. വീട്ടില്‍ നിന്ന് പുറത്തിറക്കാതിരിക്കാനുള്ള മറ്റൊരു ന്യായം!

തിരിച്ച് വരുമ്പോള്‍ പ്രൈവറ്റ് ബസിലിരുന്നുറങ്ങുകയായിരുന്ന ഗോപ്യേട്ടന്‍ ഒരു ബഹളം കേട്ടാണ് കണ്ണുതുറന്നത്. രണ്ട് സീറ്റ് മുന്‍പില്‍ ഒരു വയോവൃദ്ധന്‍ നെഞ്ചില്‍ തടവിക്കൊണ്ട് ഉറക്കെ കരഞ്ഞുകൊണ്ട് പറയുന്നു.

“ന്റെ ബാഗിലുണ്ടായിരുന്ന കാശ് കാണണില്ല!!”

എല്ലാവരും കൂടെ ശ്രദ്ധിച്ച കൂട്ടത്തില്‍ ഗോപ്യേട്ടനും നോക്കി ആളെ.

ഒരു വെറും സാധാരണക്കാരന്‍. അതോ അതില്‍ താഴെയുള്ളവനോ. കഷ്ടപ്പാടിന്റെ ഏറ്റവും അറ്റത്ത്നില്‍ക്കുന്ന ആ മനുഷ്യന്റെ രൂപം വളരെ ദൈന്യം. തലയില്‍ ഒരു മുണ്ട് ചുറ്റിയിട്ടുണ്ട്. നരച്ച താടിയും മുടിയും കരുവാളിപ്പ് പടര്‍ന്ന മുഖവും.

‘ന്റെ മോള്‍ടെ കല്യാണത്തിനായി കടം വാങ്ങി കൊണ്ടുവരുന്ന കാശാണ്. എടുത്ത ആള്‍ ആരായാലും, ദൈവത്തെ ഓര്‍ത്ത് എനിക്കത് തിരിച്ച് തരണം. കാശില്ലാതെ വീട്ടിലേക്ക് പോകാന്‍ എനിക്ക് വയ്യ!’

‘ഇത്രക്കും ഗത്യന്തരമില്ലാത്ത മനുഷ്യന്മാരെയും പോക്കറ്റടിക്കുന്ന കണ്ണില്‍ ചോരയില്ലാത്ത ദുഷ്ടന്മാരും ഈ ലോകത്തുണ്ടോ?’ എന്നോര്‍ത്ത് നില്‍ക്കേ വണ്ടി നിര്‍ത്തുകയും.

‘മര്യാദക്ക് കാശ് എടുത്തോന്‍ കൊടുത്തോ. കള്ളന്‍ വണ്ടിയില്‍ തന്നെ ഉണ്ട് എന്നുറപ്പാണ്. അല്ലെങ്കില്‍, പോലീസ് സ്റ്റേഷനിലേക്കാ‍ ഇനി പോകുക‘

ആര് കുറ്റമേല്‍ക്കാന്‍! വണ്ടി നേരെ അടുത്ത പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.

അതുവരെ, ഗോപ്യേട്ടന് പണം നഷ്ടപ്പെട്ട ഒരു സാധു വൃദ്ധനോടുള്ള സഹതാപവും മോഷ്ടിച്ച ദുഷ്ടനോടുള്ള ദേഷ്യവുമല്ലാതെ മറ്റൊന്നും മനസ്സില്‍ തോന്നിയില്ലെങ്കിലും പൊടുന്നനേയാണ് അതുവരെ തോന്നാത്ത തരം ഒരു റ്റെന്‍ഷന്‍ മനസ്സില്‍ അരിച്ച് കയറുന്നത്.

‘കല്യാണത്തിനുള്ള കാശുണ്ടാക്കാന്‍ ഞാന്‍ രണ്ടുമാസായി പെടാപാട് കഴിക്ക്യാര്‍ന്നു. ഒരു ദിക്കീന്ന് കയ്യും കാലും പിടിച്ച് ഒപ്പിച്ചോണ്ടുവന്ന ന്റെ ഇരുപതിനായിരം ഉറുപ്യ പോയേ. കിട്ടിയില്ലേല്‍ ഞാന്‍ ചാവേ ഉള്ളൂ. സത്യം’ എന്ന് കേട്ടപ്പോള്‍!

ഗോപ്യേട്ടന്റെ കയ്യിലും ഉണ്ടായിരുന്നത് ഇരുപതിനായിരം രൂപയായിരുന്നു.

‘ഇനി പോലീസ് പരിശോധിക്കുമ്പോള്‍ പാമ്പുകടിക്കാനായിട്ട്, നമ്മുടെ കയ്യിലിരിക്കുന്നത് ആളുടെ പൈസയാണെന്നെങ്ങാന്‍ പറയുമോ?’ എന്ന ഒരു അനാവശ്യ ചിന്ത ഗോപ്യേട്ടനെ പിടികൂടി.

‘ഏയ്. എന്തിനാ അത്. എന്റെ കയ്യില്‍ ഇരുപതിനായിരം രൂപയുണ്ടെങ്കില്‍ അതെങ്ങിനെ ആളുടെ ആവും?’ ഞാനെന്തിനാ റ്റെന്‍ഷനടിക്കുന്നത്? എന്നൊക്കെ പല ആവര്‍ത്തി ഗോപ്യേട്ടന്‍ മനസ്സില്‍ പറഞ്ഞെങ്കിലും, അറിയാത്ത നാട്, സ്ഥലം, ആളുകള്‍ എന്നൊക്കെ ഓര്‍ത്ത് റ്റെന്‍ഷന്‍ കൂടിക്കൂടി വരുന്നതല്ലാതെ കുറയുന്നില്ല. ഡിസംബറിന്റെ തണുവിലും ഗോപ്യേട്ടന്‍ വിയര്‍ത്തു.

പോലീസ് സ്റ്റേഷന്‍ എത്തിയപാടെ,

‘ഒരാളും ബസില്‍ നിന്നിറങ്ങരുത്!!’ എന്ന് പറഞ്ഞ് കണ്ടെക്ടര്‍ സ്റ്റേഷന്റെ അകത്തേക്ക് കയറിപ്പോവുകയും പിന്നാലെ തടിച്ച് ഗൌരവമുള്ള മുഖമുള്ള എസ്.ഐ.യും കൂടെ രണ്ട് പോലീസുകാരും കൂടെ വണ്ടിയുടെ അടുത്തേക്ക് വന്നു.

വന്ന വശം, എല്ലാവരോടും താഴെയിറങ്ങാന്‍ പറഞ്ഞതിന്‍ പ്രകാരം, ഓരോരുത്തരായി ഇറങ്ങി വരിയായി നിരന്ന് നിന്നു. വരിയുടെ മധ്യത്തിലായി ഗോപ്യേട്ടനും.

ആദ്യം നിന്ന ആളിനോട് കയ്യിലുള്ള കാശെല്ലാം എടുക്കാന്‍ പറഞ്ഞു. ആള്‍ എടുത്തു കാണിച്ചു.

പിന്നെ രണ്ടാമത്തെ ആള്‍, മൂന്നാമത്തെ ആള്‍. അതിനിടക്ക് കാശെടുക്കാന്‍ കൈവിറച്ച് നിന്ന ഒരാളോട്

‘ഡോ..നിനക്കെന്താടാ കാശെടുക്കാന്‍ ഇത്ര മടി?’ എന്ന് ചോദിക്കുന്നതും കണ്ടു.

എല്ലാവരുടെം കയ്യില്‍ ചെറിയ ചെറിയ തുകകള്‍!

തന്റെ അടുത്തെത്താറായപ്പോഴേക്കും ഗോപ്യേട്ടന് റ്റെന്‍ഷന്‍ കൊണ്ട് നേരെ നില്‍ക്കാന്‍ പോലുമാവാത്ത അവസ്ഥയിലായി. അതുകൊണ്ട്, ഗോപ്യേട്ടന്‍ വരിയില്‍ നിന്ന് മുന്പോട്ട് വന്ന് പോലീസുകാരന്റെ അടുത്ത് പോയി പറഞ്ഞു.

‘സാറെ. ഞാന്‍ തൃശ്ശൂര്‍ കൊടകരയുള്ള ആളാണ്. എന്റെ കയ്യില്‍ ഒരു ഇരുപതിനായിരം രൂപയുണ്ട്. ഞാന്‍ കോഴിക്കോടുള്ള അദ്രുമാന്‍ എന്ന് പേരുള്ള എന്റെ കൂട്ടുകാരന് കൊടുക്കാന്‍ കൊണ്ടുവന്നതാണ്. ദൈവത്താനെ അത് ഇദ്ദേഹത്തിന്റെ പോക്കറ്റടിച്ചതാണെന്നൊന്നും പറയരുത്’ എന്ന്.

ഇത് കേട്ട് പോലീസുകാരും വണ്ടിയിലുള്ളവരും ഗോപ്യേട്ടനെ നോക്കി.

‘സംശയത്തിന്റെ പേരില്‍ തന്റെ കാശൊന്നും ഇവിടെ ആരും തട്ടിപ്പറക്കില്ല. താന്‍ റ്റെന്‍ഷന്‍ അടിക്കണ്ട!’ എന്ന് പറയുമെന്ന് പ്രതീക്ഷിച്ച ഗോപ്യേട്ടനോട്

‘ഫ! നായിന്റെ മോനേ… നീ വണ്ടിയില്‍ നിന്ന് ഇറങ്ങിയത് കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് മനസ്സിലായി, നീ തന്നെയാണ് കാശ് അടിച്ചതെന്ന്. എന്നിട്ട് നീ മുന്‍ കൂറ് ജാമ്യമെടുക്കുന്നോടാ പട്ടീ!!” എന്ന് പറഞ്ഞ് ഗോപ്യേട്ടന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിച്ച് സൈഡിലേക്ക് മാറ്റിയങ്ങ് നിര്‍ത്തി.

സംസാരശേഷി വരെ നഷ്ടപ്പെട്ട് നില്‍ക്കുന്ന ശുദ്ധനില്‍ ശുദ്ധഗതിക്കാരനായ ഗോപ്യേട്ടനെ മറ്റു യാത്രക്കാരെല്ലാം നോക്കി പല്ലിറുമ്മി,

‘ഇങ്ങ് വിട്ടു താ സാറേ… ഈ പാവം മനുഷ്യന്‍ കരഞ്ഞ് പറഞ്ഞിട്ടും കാശ് കൊടുക്കാത്ത ഇവനെ ഞങ്ങളൊന്ന് പെരുമാറട്ടേ.. വൃത്തികെട്ടവന്‍’ എന്ന് പറഞ്ഞ ബഹളം വച്ചു.

‘സത്യമായിട്ടും, എന്റെ അമ്മയാണേ.. എന്റെ കുഞ്ഞിപ്പിള്ളാരാണെ… ഇതെന്റെ കാശാണ്’ എന്ന് വിലാപത്തിന്,

‘നീ കാശെടുത്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാടാ നിനക്കുമാത്രം ഇത്രേം പരാക്രമം. മറ്റു യാത്രക്കാരുടെ കയ്യിലൊന്നും കാശില്ലേ? ഇതൊക്കെ ഞങ്ങള്‍ കുറെ കണ്ടതാഡാ..’

ജീവിതത്തില്‍ ഒരിക്കല്‍ പോലും മോഷ്ടിക്കാത്ത ആ പാവം, സര്‍വ്വാംഗവും തളര്‍ന്ന്, എല്ലാവരുടേയും മുന്‍പില്‍ പെരും കള്ളനായി ഒന്ന് സംസാരിക്കാന്‍ പോലുമാവാതെ നിന്നു.

‘കാശെടുക്കടാ.. !!’ എന്ന അക്രോശത്തില്‍ ഗോപ്യേട്ടന്‍ കാശെടുത്തു കൊടുത്തു. നൂറിന്റെ രണ്ട് കെട്ട് നോട്ടുകള്‍.

ഒന്നിച്ചില്ലാനം മാസം ദുബായിലെ കൊടും ചൂടില്‍ പതിനാല് മണിക്കൂറ് ജോലി ചെയ്ത് ഉണക്ക റൊട്ടിയും ദാലും കഴിച്ച് മിച്ചം വച്ച് സ്വരുക്കൂട്ടി ഉണ്ടാക്കിയ ആ ഇരുപതിനായിരം ഉറുപ്പിക.

‘കാര്‍ന്നോരേ.. ഇത് ഒന്ന് എണ്ണി നോക്ക്യേ.. കറക്റ്റല്ലേന്ന്! ഇല്ലെങ്കില്‍ ഇവന് രണ്ടെണ്ണം കൊടുത്താല്‍ ബാക്കി കൂടെ എടുപ്പിക്കാം’ എന്ന് പറഞ്ഞ്, ഗോപ്യേട്ടന്റെ കയ്യില്‍ നിന്ന് വലിച്ച് വാങ്ങിയ പൈസ വൃദ്ധന്‌ കൊടുക്കുമ്പോള്‍ ഇത്രേം പേരുടെ മുന്‍പില്‍ കള്ളനായ ആ അപമാന ഭാരത്തില്‍, ചങ്കില്‍ നിന്ന് ചോര പൊടിഞ്ഞു ഗോപ്യേട്ടന്‍ രണ്ടുകൈയും തലയില്‍ വച്ച്, നില്‍ക്കാന്‍ ശേഷിയില്ലാതെ താഴെ നിലത്ത് കുനിഞ്ഞങ്ങ് ഇരുന്ന് പോയി.

കയ്യില്‍ പൈസ കിട്ടിയ പാടെ സന്തോഷത്തിന്റെ ഒരു വേലിയേറ്റം തന്നെ മുഖത്ത് വന്ന ആ വൃദ്ധന്‍, നോട്ടിന്‍ കെട്ട് തിരിച്ചും മറിച്ചും നോക്കിയ ശേഷം ദൈന്യതയോടെ പറഞ്ഞു.

‘ഇതെന്റെ കാശല്ല!!‘

അത് കേട്ട് ഗോപ്യേട്ടനും വണ്ടിയിലുള്ളവരും പോലീസുകാരും വൃദ്ധനെ നോക്കുമ്പോള്‍ ആള്‍ പറഞ്ഞു.

“എന്റെ കാശ് അമ്പതിന്റെ കെട്ടുകളായിരുന്നു!!!“

ഗോപ്യേട്ടന്‍ തലയുയര്‍ത്തി നോക്കി. ജീവിതത്തിനും മരണത്തിനും ഇടയില്‍ നില്‍ക്കുമ്പോഴും ഹൃദയത്തില്‍ നന്മയും സത്യവും കാത്തുസൂക്ഷിക്കുന്ന ആ മനുഷ്യന്‍ ‘ഇത് നൂറിന്റെ നോട്ടൂകളാണ്. ഇതെന്റെ കാശല്ല!’ എന്ന് വീണ്ടും പറഞ്ഞ് നോട്ടുകെട്ടുകള്‍ ഗോപ്യേട്ടന്റെ നേരെ നീട്ടീ.

ഗോപ്യേട്ടന്‍, ഇരുന്നിടത്തുനിന്ന് അങ്ങട് എണീറ്റ്, ഒരു അച്ഛനെ മകന്‍ ആശ്ലേഷിക്കും പോലെ അങ്ങ്‍ കെട്ടിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു:

“എനിക്ക് വേണ്ടാ ഈ പണം. എടുത്തോ… നിങ്ങള്‍ തന്നെ എടുത്തോ. മോള്‍ടെ കല്യാണം നടത്തിക്കോളൂ. ഈ കാശിനേലും എത്രയോ വലുതാണ് ഇപ്പോള്‍ നിങ്ങള്‍ തിരിച്ച് തന്നതെന്നറിയോ?? ! ഇത്രയും പേരുടെ മുന്‍പില്‍ വച്ച് കള്ളനായി മാറുമായിരുന്ന നിരപരാധിയായ എന്നെ നിങ്ങള്‍ രക്ഷിച്ചില്ലേ… എനിക്കത് മതി“

സ്തംബ്ദരായി യാത്രക്കാരും പോലീസുകാരും നില്‍ക്കുമ്പോള്‍ ഗോപ്യേട്ടന്‍; അതെ, പാലട ശിവരാമന്‍ നായരുടെ പാലും വെള്ളം പോലുള്ള മനസ്സുള്ള ഞങ്ങളുടെ സ്വന്തം ഗോപ്യേട്ടന്‍, വേഗം തിരിച്ച് വണ്ടിയില്‍ കയറി, ആള്‍ടെ സീറ്റീപ്പോയിരുന്നു!

അതെന്താ??

November 29, 2007

പൈലേട്ടന്റെ മോള്‍ മേഴ്സിക്കുട്ടി അമേരിക്കയിലാണ്. മരുമാനും കൊച്ചുമക്കളും അവിടെ തന്നെ.

ആണ്ടോടാണ്ട് കൂടുമ്പോള്‍ മേഴ്സി ഏന്റ് കമ്പനി നാട്ടില്‍ വരും. ഒരുമാസം ലീവിന്. മേഴ്സിച്ചേച്ചീടെ രണ്ടാമന് പ്രായം നാലേ ഉള്ളൂവെങ്കിലും ആളൊരു ജഗജില്ലിയാണ്. എന്ത് കേട്ടാലും എന്തുകണ്ടാലും സംശയമാണ്. 24 മണിക്കൂറ് സംശയം.

ആദ്യമാദ്യം പൈലേട്ടന്‍ ‘മിടുക്കന്‍. മിടുമുടുക്കന്‍‍.. ഗുഡ് ക്വസ്റ്റ്യന്‍.. ബ്രൈറ്റ് ബോയ്’എന്നൊക്കെ പറഞ്ഞെങ്കിലും പിന്നെ പിന്നെ ഗുഡ് ട്രൈനിന്റെ ബോഗികള്‍ പോലെ ഒന്നിനുപുറകേ ഒന്നായി വന്നതിന് ഉത്തരം പറഞ്ഞ് പറഞ്ഞ് ഒരു വഴിക്കായപ്പോള്‍ ആ അഭിപ്രായത്തിന് ഡിപ്രീസിയേഷന്‍ വന്നുകൊണ്ടിരുന്നു. പൈലേട്ടന്‍ കൊച്ചിനെ കാണുമ്പോള്‍ അവിടന്ന് എത്രയും പെട്ടെന്ന് സ്കൂട്ടായി നടന്നും തുടങ്ങിയത്രേ.

ഒരു ദിവസം, പൈലേട്ടന്‍ കൈക്കോട്ടിന് മുളയുടെ പൂള്‍ വക്കുമ്പോള്‍ കൊച്ച് വന്ന് ചോദിച്ചു.

‘ഇതെന്താ?’

‘കൈക്കോട്ട്!‘

‘ഇതെന്തിനാ?’

‘മണ്ണ് കിളക്കാന്‍ ‘

‘അതെന്തിനാ?‘

അന്തമില്ലാതെ വരുന്ന ചോദ്യശരങ്ങള്‍ കേട്ട് കുരു പൊട്ടിയ പൈലേട്ടന്‍ ഇരുന്നിടത്തുനിന്നും ചാടിയെണീറ്റ് അക്രോശിച്ചുകൊണ്ട് പറഞ്ഞു:

‘ഒരു വല്യ കുഴി കുത്തി എന്നേം നിന്റെ അമ്മാമ്മേം അതിലിട്ട് മൂടാന്‍! പാമ്പുകടിക്കാന്‍… മനുഷ്യന് തലചെവിക്ക് ഒരു ത്വയിരം കിട്ടിയിട്ട് ആഴ്ച രണ്ടായി.. രോമം ക്ടാവേ… കൈക്കോട്ടും തായയാ എന്റെ കയ്യില്‍!‘

റൈറ്റും ലെഫ്റ്റും

November 28, 2007

ഓട്ടോ ആന്റപ്പനന്ന് കൊടകര നിന്ന് അമ്മാടത്തേക്ക് ഒരു ഓട്ടം പോയതായിരുന്നു.

വഴിക്കുവച്ചൊരു ടി ജങ്ഷനിലെത്തിപ്പോള്‍ യാത്രക്കാരന്‍ പറഞ്ഞു.

‘ഇനി റൈറ്റ് പോട്ടെ ട്ടാ!’

‘ഓക്കെ, ഓക്കെ‘ എന്ന് പറഞ്ഞ് നേരെ ലെഫ്റ്റിലേക്ക് വളച്ച ആന്റപ്പനോട് യാത്രക്കാരന്‍,

‘ഹേയ്.. റൈറ്റ് എടുക്കാന്‍ പറഞ്ഞിട്ട്… ഇതെവിടേക്കാ ഇങ്ങോട്ട് ?’ എന്ന് ചോദിച്ചപ്പോള്‍ , വണ്ടി ചവിട്ടി നിര്‍ത്തി പിറകിലേക്ക് തിരിഞ്ഞ് ആന്റപ്പന്‍ പറഞ്ഞത്രേ.

‘ഞാന്‍ വിചാരിച്ചു, ഈ റൈറ്റാവും ന്ന്!’


Follow

Get every new post delivered to your Inbox.